യുവാവിനെ തട്ടിക്കൊണ്ടുപോയി മാലയും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ MDMA-യുമായി പിടിയില്‍

എടക്കര: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികളെ എം.ഡി.എം.എ.യുമായി എടക്കര പോലീസ് അറസ്റ്റുചെയ്തു.
വഴിക്കടവ് കാരക്കോട് ആനപ്പാറ ഇന്‍ഷാദ് (26), പഞ്ചായത്തുപടി അമീര്‍ സുഹൈല്‍ (25) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
രണ്ട് ദിവസംമുന്‍പ് എടക്കരയിലെ വസ്ത്രവ്യാപാരകേന്ദ്രത്തില്‍ ജോലിചെയ്യുന്ന യുവാവിനെയാണ് ഗൂഡല്ലൂരിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്നപ്പോള്‍ ഇവര്‍ തട്ടിക്കൊട്ടുപോയത്.
കാറില്‍ക്കയറ്റി താമരശ്ശേരി വഴി കൊണ്ടുപോയി കോഴിക്കോട് ചേവായൂരിലെ ലോഡ്ജില്‍വെച്ച് നിര്‍ബന്ധിച്ച് മദ്യംനല്കി രണ്ടരലക്ഷം രൂപയുടെ സ്വര്‍ണമാലയും മൊബൈല്‍ഫോണും കവര്‍ന്നൂവെന്നാണ് കേസ്. പിന്നീട് അരീക്കോട് ബസ്സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവാവ് എടക്കര സ്റ്റേഷനില്‍ പരാതി നല്കി.
അന്വേഷണത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കാറില്‍ സഞ്ചരിച്ച പ്രതികളെ മുപ്പിനിയില്‍വെച്ച് അറസ്റ്റുചെയ്തു. പരിശോധനയില്‍ പത്ത് ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച രണ്ട് ഗ്രാം എം.ഡി.എം.എയും കവര്‍ന്നെടുത്ത മാലയും മൊബൈല്‍ഫോണും കാറില്‍നിന്ന് കണ്ടെടുത്തു.
നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയതിന് ഉള്‍പ്പെടെ ഇവര്‍ക്കെതിരേ കേസെടുത്തു.
എസ്.ഐ. അബ്ദുള്‍ഹക്കിം, എ.എസ്.ഐ. കെ. രതീഷ്, പോലീസുകാരായ ഷെഫീഖ്, ഡാന്‍സാഫ്, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആഷിഫലി, കെ.ടി. നിബിന്‍ദാസ്, ടി. ജിയോ. ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.