അഭിമാന താരമായി നന്ദകിഷോർ

തലശേരി: ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് ഫുട്‌ബോളിൽ കേരളം കിരീടം ചൂടുമ്പോൾ കണ്ണൂരിന്റെ അഭിമാനം വാനോളം ഉയരുന്നു. പിണറായി പാനുണ്ടയിലെ സി ആർ നന്ദകിഷോർ നായകനായ കേരള ടീം കപ്പുയർത്തിയതിന്റെ ആഹ്ലാദത്തിലാണ് ജന്മനാട്.
നാട്ടിൻപുറത്തുനിന്ന് കളിച്ചുവളർന്ന യുവതാരമാണ് കേരള ഫുട്‌ബോളിനെ രാജ്യത്തിന്റെ നെറുകയിലേക്ക് ഉയർത്തിയത്. കേരള ഫുട്‌ബോളിന്റെ ഭാവി ഈ കളിക്കാരന്റെ കൈയിൽ ഭദ്രമെന്ന് യൂത്ത് ഗെയിംസ് സാക്ഷ്യപ്പെടുത്തുന്നു.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള ഫുട്‌ബോൾ ടീമിൽ രണ്ടാംതവണയാണ് നന്ദകിഷോർ ഇടംനേടിയത്. മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, പഞ്ചാബ് ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ പഞ്ചാബിനോട് മാത്രമാണ് കേരളം അടിതെറ്റിയത്. സെമിയിൽ മേഘാലയയെ 5–-3ന് തകർത്തു. ഫൈനലിൽ കർണാടകയെ രണ്ട് ഗോളിന് കീഴടക്കി കിരീടത്തിൽ മുത്തമിട്ടു.
നന്ദകിഷോറിന്റെ മികച്ച പ്രകടനത്തിന്റെകൂടി ബലത്തിലാണ് കേരളം ഫൈനലിലെത്തിയത്. ടൂർണമെന്റിൽ മൂന്ന് ഗോൾ നായകന്റെ പേരിൽ കുറിച്ചു.കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഫുട്‌ബോളിൽ റണ്ണേഴ്‌സ് അപ്പായ സെന്റ്‌തോമസ് കോളേജ് ടീം അംഗമാണ് നന്ദകിഷോർ. സബ്‌ജൂനിയർ മുൻ ജില്ലാ ടീം ക്യാപ്‌റ്റനും സംസ്ഥാന ടീമംഗവുമായിരുന്നു.
കേരള പ്രീമിയർ ലീഗിൽ രണ്ട് വർഷമായി പറപ്പൂർ എഫ്‌സിക്കുവേണ്ടി കളിക്കുന്നു. തൃശൂർ സെന്റ്‌തോമസ് കോളേജിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി വിദ്യാർഥിയാണ്.
ഏഴാം വയസ്സിൽ
പന്തുതട്ടി വളർന്ന താരം
പിണറായിയിൽ ജനിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരുമായി പഠിച്ചും കളിച്ചുമാണ് കേരളത്തിന്റെ അഭിമാന താരമായി നന്ദകിഷോർ വളർന്നത്. ഏഴാം വയസ്സിൽ തലശേരി സ്‌റ്റേഡിയത്തിൽ റോവേഴ്‌സ് സെപ്‌റ്റ ഫുട്‌ബോൾ അക്കാദമിയിൽ പന്തുതട്ടി വളർന്നതാണ് നന്ദകിഷോർ. ഏഴുമുതൽ 10വരെ കോഴിക്കോട് ഫാറൂഖ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സുബ്രതോ കപ്പിൽ ജേഴ്‌സിയണിഞ്ഞു.
മലബാർ ക്യാൻസർ സെന്റർ ജീവനക്കാരൻ യു രാജീവന്റെയും എൽഐസി ഏജന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ സി ജിഷയുടെയും മകനാണ്. മൂവാറ്റുപുഴ നിർമല കോളേജിൽ അൻവർ സാദത്തിന്റെ കീഴിലാണ് പരിശീലനം.