വിദ്യാർഥിയുടെയും യുവാവിന്റെയും അപകട മരണങ്ങൾ; അന്വേഷണം തുടങ്ങി

Share our post

മുഴപ്പിലങ്ങാട് : വിദ്യാർഥിയുടെയും യുവാവിന്റെയും അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ 2നു പുലർച്ചെ മുഴപ്പിലങ്ങാട് മഠം റെയിൽവേ ഗേറ്റിനു സമീപം ബൈക്കപകടത്തിൽ മരിച്ച ഐ.ടി.ഐ വിദ്യാർഥി മുഴപ്പിലങ്ങാട് സ്വദേശി റോയൽ ദാസ്(19), കഴിഞ്ഞ 3ന് മൊയ്തു പാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മുഴപ്പിലങ്ങാട് സ്വദേശി സജ്‌വീർ(34) എന്നിവരുടെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കൾ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, എടക്കാട് പൊലീസ് എന്നിവർക്കു പരാതി നൽകിയത്.

രാത്രി പത്തോടെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബൈക്കിൽ പോയ റോയൽ ദാസിനെ പുലർച്ചെ മുഴപ്പിലങ്ങാട് മഠം റെയിൽവേ ഗേറ്റിനു സമീപം ബൈക്കപകടത്തിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. വീണു കിടക്കുന്ന റോയൽ ദാസിനെ കണ്ട ഗേറ്റ്മേൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

രാത്രി 10 മുതൽ പുലർച്ചെ വരെ റോയൽ ദാസ് എവിടെയായിരുന്നു എന്നതാണ് സംശയത്തിനിടയാക്കിയിട്ടുള്ളത് എന്നറിയുന്നു.

കല്യാണ തലേന്ന് രാത്രിയാണ് സജ്‌വീറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ധർമടം മൊയ്തു പാലത്തിനു സമീപം കണ്ടെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് ആത്മഹത്യ ചെയ്തതായിരിക്കാം എന്നതായിരുന്നു ആദ്യത്തെ നിഗമനമെങ്കിലും ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന ബന്ധുക്കളുടെ സംശയത്തിലുള്ള പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വിദ്യാർഥിയുടെയും യുവാവിന്റെയും ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. രണ്ട് അപകട മരണങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന സംശയം നാട്ടുകാരും ഉന്നയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!