ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകരാറിൽ

നടാൽ : ലോറിയിടിച്ച് നടാൽ റെയിൽവേ ഗേറ്റ് തകരാറിലായി. ഗേറ്റ് തുറക്കാൻ കഴിയാത്തതിനെ തുടർന്ന് കണ്ണൂർ–തോട്ടട–തലശ്ശേരി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. റൂട്ടിലെ ബസുകൾ നടാൽ മുതൽ കണ്ണൂർ വരെയും നടാൽ മുതൽ തലശ്ശേരി വരെയും ഇരു ഭാഗത്ത് നിന്നും സർവീസ് നടത്തി.
ഇന്നലെ വൈകിട്ട് തലശ്ശേരി ഭാഗത്തു നിന്നു വന്ന ലോറി ഗേറ്റിൽ ഇടിച്ചതിനെ തുടർന്നാണു തകരാറിലായത്. താഴ്ന്നു പോയ ഗേറ്റ് പിന്നീട് തുറക്കാനായില്ല.
നിരന്തരം ലോറിയിടിച്ചു തകർന്ന ഗേറ്റ് ഈയിടെയാണ് അറ്റകുറ്റ പ്രവൃത്തി നടത്തി പുനഃസ്ഥാപിച്ചത്. ഇതിനു മുൻപ് ഗേറ്റിൽ ഇടിച്ച ലോറി ഉടമയിൽ നിന്ന് 70,000 രൂപയാണ് റെയിൽവേ ഫൈൻ ഈടാക്കിയത്.
ഗേറ്റ് അടയ്ക്കുന്നതിനിടയിൽ തിരക്കു പിടിച്ച് പരക്കം പായുന്ന വാഹനങ്ങളാണ് ഗേറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നതിനു കാരണം. ഗേറ്റ് അടയ്ക്കുന്നതിനിടയിൽ വാഹനങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ നുഴഞ്ഞു കയറുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം വേണമെന്ന ആവശ്യം ഉണ്ട്.