ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം; മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയപാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി.
ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. അതിന് മുന്നോടിയായി എല്ലാ ജില്ലകളിലും പ്രചാരണ ജാഥകള്‍ നടത്തുമെന്നും വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രഡിസന്റ് രാജു അപ്സര അറിയിച്ചു.
സര്‍വമേഖലയിലും വിലകയറ്റമുണ്ടാകുന്നത് വ്യാപാരികളെ പ്രതിരോധത്തിലാക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് ഇതുവരെ വ്യാപാരികള്‍ കരകയറിയിട്ടില്ല. അതിന് പിന്നാലെ ഇരുട്ടടിയായാണ് വ്യാപാരി വിരുദ്ധ ബജറ്റ് എത്തിയത്.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാകും തങ്ങള്‍ സമരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.