രാത്രിയിൽ കോളേജിലേയ്ക്കുള്ള യാത്രയ്ക്ക് തടസം; ഗേറ്റ് കവർന്ന സംഘത്തിലെ ഒരു വിദ്യാർത്ഥി പിടിയിൽ, മൂന്നുപേർ ഒളിവിൽ

പാലക്കാട്: രാത്രിയിൽ കോളേജിലേയ്ക്കുള്ള യാത്രയ്ക്ക് തടസമുണ്ടാകുന്നുവെന്ന കാരണത്താൽ ഗേറ്റ് അഴിച്ചുമാറ്റിയ വിദ്യാർത്ഥി പിടിയിൽ. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലാണ് സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് ഗേറ്റ് മോഷണം പോയത്.തുടർന്ന് കോളേജ് പ്രിൻസിപ്പൽ ടൗൺ നോർത്ത് പൊലീസിന് പരാതി നൽകി.
സി .സി .ടി .വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. പിന്നാലെ ഈ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.കോളേജിന്റെ പ്രധാന ഗേറ്റ് വെെകീട്ട് അടയ്ക്കുന്ന പതിവുണ്ട്.
തുടർന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അകത്തേയ്ക്ക് കയറാനും പുറത്തേയ്ക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിക്കുന്നത്. ഈ തടസമൊഴിവാക്കാനാണ് ഗേറ്റ് അഴിച്ചുമാറ്റിയതെന്നാണ് പിടിയിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായത്. മൂന്നുപേർ ഒളിവിലാണ്.