കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകേസിലെ കുട്ടിയുടെ അമ്മ വിദേശത്ത്

Share our post

കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകേസിലെ കുട്ടിയുടെ അമ്മ നിലവില്‍ വിദേശത്താണെന്നും ഇടനിലക്കാരന്‍ മുഖേനയാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ ജനിച്ചയുടനെ കൈമാറിയതെന്നും വ്യക്തമായി.

അവിവാഹിതയായ യുവതിയ്ക്ക് ജനിച്ച കുട്ടിയെ സംരക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യമറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായകനായ സൃഹൃത്താണ് ഇടനിലക്കാരനായത്. തുടര്‍ന്ന് പ്രതി അനില്‍ കുമാറിന്റെ കൂടി അറിവോടെയാണ് കുട്ടിയെ കൈമാറിയത്.

ഈ ഇടപാടില്‍ ആശുപത്രിയിലെ റെക്കാര്‍ഡ്‌സ് വിഭാഗത്തിലെ ചില ജീവനക്കാരെ കൂടി പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നഗരസഭാ താല്‍ക്കാലിക ജീവനക്കാരി രഹ്ന പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഇതിനിടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി പ്രതി അനില്‍കുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പൂണുത്തുറ സ്വദേശി അനൂപും കൂടിക്കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കളമശേരി മെഡിക്കല്‍ കോളജിലെ ജനുവരി 31 ലെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ മെഡിക്കല്‍ കോളജിലെത്തിയ തൃപ്പൂണിത്തുറ സ്വദേശി അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും കേസില്‍ പ്രതിയുമായ അനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുപിന്നാലെയാണ് നഗരസഭാ കിയോസ്‌കിലെത്തിയ അനില്‍ കുമാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം മുതല്‍ തന്നെ ജനന സര്‍ട്ടിഫിക്കറ്റിനായി തൃപ്പൂണിത്തുറ ദമ്പതികള്‍ ശ്രമം തുടങ്ങിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കുട്ടിയെ കൈവശം വെച്ചിരുന്ന തൃപ്പൂണിത്തുറ ദമ്പതികള്‍ ഒളിവിലാണ്.

മുന്‍കൂര്‍ ജാമ്യത്തിനുളള നീക്കവും ഇവര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തില്‍ ഇവരെ പ്രതിചേര്‍ക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവും മുഖ്യ പ്രതിയുമായ അനില്‍ കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!