ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി; പന്തീരാങ്കാവ് കേസിൽ എൻ ഐ എയുടെ ഹർജി തള്ളി

കോഴിക്കോട്: പന്തീരാങ്കാവ് യു. എ .പി .എ കേസിലെ ഒന്നാം പ്രതി അലെെൻ ഷുഹെെബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻ .ഐ .എ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞാണ് കോടതി എൻ. ഐ എയുടെ ഹർജി തള്ളിയത്.അലെെൻ ഷുഹെെബിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും, പാലയാട് ക്യാംപസിലെ റാഗിംഗ് പരാതിയിൽ ഇയാൾക്കെതിരായ പന്നിയങ്കര പൊലീസ് റിപ്പോർട്ടുമാണ് എൻ .ഐ .എ കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ ഇതിൽ വിശദമായ വാദം കേട്ട കോടതി ഇത് ജാമ്യം റദ്ദാക്കാൻ കഴിയുന്ന തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഫേസ്ബുക്കിലെ അലന്റെ ചില പോസ്റ്റുകൾ അയാൾ എഴുതിയതല്ല. മറ്റാരുടെയോ പോസ്റ്റുകൾ റീഷെയർ ചെയ്തതാണ്.
ഈ പോസ്റ്റുകളിലെ ആശയം അനുചിതമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്നും അലന് കോടതി നിർദ്ദേശം നൽകി.അലൻ ഷുബെെഹ് ജാമ്യവ്യവസ്ഥതകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പന്നിയങ്കര പൊലീസിനായിരുന്നു ചുമതല.
ജാമ്യത്തിലിറങ്ങിയ ഘട്ടത്തിൽ അലന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ പാലയാട് ലീഗൽ സ്റ്റഡീസ് സെന്ററിൽ ഉണ്ടായ സംഘർഷത്തിൽ അലെെൻ ഷുഹെെബ് പ്രതിയായി. ഇതിന് പിന്നാലെ ഇയാൾ പ്രശ്നക്കാരനാണെന്ന രീതിയിൽ രണ്ടാമത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
ഈ സാഹചര്യം കൂടി ഉത്തരവിൽ കോടതി വിശദമാക്കി.2019ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹെെബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട്, കർശന ഉപാധികളോടെ ഹെെക്കോടതി ജാമ്യം അനുവദിച്ചിരുന്നു.