നായ്ക്കളെ പിടികൂടി; മാഹി പാർക്ക് തുറന്നു

മാഹി: ടാഗോർ പാർക്കിനകത്ത് ഏഴു പേരെ കടിച്ച തെരുവ് നായെ പിടികൂടി. ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽ നിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ മൂന്ന് ദിവസങ്ങളായി അടച്ചിട്ട പാർക്ക് തുറന്നു.
ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ പുഴയോര നടപ്പാതയിലേക്കും ഹിൽ ടോപ്പിലേക്കും ടാഗോർ ഉദ്യാനത്തിലേക്കുമുള്ള മൂന്ന് പ്രവേശന കവാടങ്ങളും അധികൃതർ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അടച്ചിട്ടത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദൂരങ്ങളിൽ നിന്നടക്കം നിത്യേന നൂറുകണക്കിനാളുകൾ വന്നെത്തുന്ന ടൂറിസം കേന്ദ്രമാണിത്.
മാഹി ഭരണസിരാകേന്ദ്രമായ ഗവ. ഹൗസിനോട് ചേർന്നാണ് ഈ ടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് തെരുവുനായ്ക്കളാണ് മാഹി മേഖലയിൽ ബാറുകൾക്കും ഇറച്ചിക്കടകൾക്കും ഹോട്ടലുകൾക്കും പരിസരങ്ങളിലായി അലഞ്ഞുനടക്കുന്നത്.
തെരുവ് നായ്ക്കളെ പിടികൂടി ഏതാണ്ട് പ്രവർത്തനരഹിതമായ പള്ളൂർ മൃഗാശുപത്രി കോമ്പൗണ്ടിനകത്ത് പാർപ്പിക്കണമെന്ന് ജനശബ്ദം ഭാരവാഹികൾ മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് ആവശ്യപ്പെട്ടു. ചാലക്കര പുരുഷു, ടി.എം. സുധാകരൻ, ഇ.കെ. റഫീഖ്, ഷാജി പിണക്കാട്ട്, ജസീമ മുസ്തഫ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.