കെ.എം.സി.സി-ക്ക് നോര്‍ക്കയില്‍ അംഗത്വം; ഇടതു മുന്നണിയിലേക്ക് ലീഗിനെ ലക്ഷ്യമിട്ട്‌ നീക്കം

Share our post

തിരുവനന്തപുരം: കീഴ്‌വഴക്കം മാറ്റിവെച്ച് ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്ക അഫിലിയേഷന്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജനുവരി 31-ന് ചേര്‍ന്ന നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. ഖത്തര്‍ കെ.എം.സി.സി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തര്‍ ഘടകത്തിന് അഫിലിയേഷന്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.

നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തില്‍ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷന്‍ നല്‍കുന്ന കാര്യത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന് സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചു.

മതേതര സ്വഭാവത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി എന്ന സമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അംഗത്വം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം.

മത-സാമൂദയിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മതേതര പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടണമെന്ന നിബന്ധനയോട് കൂടിയായിരിക്കും നോര്‍ക്കയിലേക്കുള്ള കെ.എം.സി.സിയുടെ പ്രവേശം.

മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കുന്നതിനുള്ള താത്പര്യം ആദ്യം വ്യക്തമാക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. എന്നാല്‍ ഇത് പിന്നീട് സി.പി.ഐയുടെ അടക്കം ഇടപെടലുകളോടെ വിവാദമായിരുന്നു.

ലീഗ് അധികാരത്തിലുള്ള സാഹചര്യത്തില്‍ പോലും ലഭിക്കാത്ത പരിഗണനയാണ് നിലവില്‍ കെ.എം.സി.സി.ക്ക് ലഭിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലേക്ക് ലീഗിനെ ലക്ഷ്യമിട്ട് നോര്‍ക്ക വഴിയുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!