അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; ആസ്പത്രി ജീവനക്കാരൻ റിമാൻഡിൽ

Share our post

മെഡിക്കൽ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രോഗിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലെ താത്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി ദയാലാലി (32)നെയാണ് റിമാന്‍ഡ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ആസ്പത്രിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന താത്കാലിക ജീവനക്കാരനാണ് ഇയാള്‍.

വെള്ളിയാഴ്ച വിഷം ഉള്ളില്‍ച്ചെന്ന് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രതി ആംബുലന്‍സില്‍ കയറുകയും യുവതിയുടെ ഭര്‍ത്താവെന്നും ബന്ധുവെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചശേഷം അത്യാഹിതവിഭാഗത്തില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

അവശയായിരുന്ന യുവതി പിന്നീട് ആസ്പത്രി ജീവനക്കാരോട് പീഡനവിവരം പറഞ്ഞു. സംഭവശേഷം സ്വന്തം വീട്ടിലെത്തിയ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു.

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോള്‍ യുവതിക്കൊപ്പം ബന്ധുക്കളാരും ഇല്ലായിരുന്നെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ വനിതാ ജീവനക്കാര്‍ ഇല്ലായിരുന്നെന്നും ആരോഗ്യമന്ത്രിക്കുള്ള റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് സര്‍ക്കാര്‍ ആസ്പത്രിയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് വ്യാപക പരാതിയുയര്‍ന്നു. രോഗിയെ കൊണ്ടുപോയ ആംബുലന്‍സില്‍ ആശുപത്രിയിലെ വനിതാ നഴ്‌സിനെ നിയോഗിക്കാതിരുന്നതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വീഴ്ചയാണ്.

ദയാലാല്‍ കയറിയത് കുട്ടികളെ നോക്കാനെന്ന വ്യാജേന

യുവതിക്കൊപ്പം താത്കാലിക ജീവനക്കാരന്‍ ആംബുലന്‍സില്‍ കയറിയത് യുവതിയുടെ കുട്ടികളുടെ സംരക്ഷണത്തിനാണെന്ന വ്യാജേനയെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രി സൂപ്രണ്ട്. സംഭവത്തെക്കുറിച്ച് സൂപ്രണ്ട് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ യുവതിയെ താലൂക്ക് ആസ്പത്രിയിലെത്തിക്കുന്നത്.

കൂടെ മൂന്നും ഒമ്പതും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കാനുമായിരുന്നു തീരുമാനം. അതേസമയം കുട്ടികള്‍ കൂടെയല്ലാതെ ആംബുലന്‍സില്‍ കയറില്ലെന്ന് യുവതി വാശിപിടിച്ചതോടെ അവരെയും കയറ്റി.

മെഡിക്കല്‍ കോളേജിലെത്തുന്നതുവരെയുളള കുട്ടികളുടെ സംരക്ഷണത്തിനായാണ് ദയാലാല്‍ ആംബുലന്‍സില്‍ കയറുന്നത്. രോഗിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതര്‍ കൊണ്ടുപോകുകയും ചെയ്തു.

രോഗിക്ക് കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് എഴുതി നല്‍കിയശേഷമാണ് ആംബുലന്‍സും നഴ്സും മടങ്ങിയത്. ഇതേസമയം ദയാലാല്‍ അവര്‍ക്കൊപ്പം മടങ്ങിയിരുന്നില്ല. മെഡിക്കല്‍ കോളേജ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ അബോധാവസ്ഥയിലായിരുന്ന യുവതിയ പരിചരിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി ആശുപത്രിയിലെ വൈദ്യുതിത്തകരാറുകളും മറ്റും ശരിയാകുന്ന ജോലികള്‍ കരാറെടുത്ത് നടത്തിവരുകയാണ് ഇയാള്‍.

ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അവസാനിച്ച് മറ്റൊരാള്‍ കരാര്‍ ഏറ്റെടുത്ത് നടത്തിവരുന്നുണ്ടെങ്കിലും സഹായിയായി ആസ്പത്രിയില്‍ തുടരുകയായിരുന്നു.സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍, ആംബുലന്‍സിലെ നഴ്സ് എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!