കുടിയൊഴിപ്പിക്കപ്പെട്ടവരോട് കുറച്ചുകൂടി മര്യാദ ആകാം; അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ കടുത്ത അവഗണന

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണന. അനുവദിച്ച പുനരധിവാസ ഭൂമിയിൽ വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ലെന്നാണ് പരാതി. മറ്റു വഴിയില്ലാതായതോടെ താമസക്കാർ തന്നെ പ്രദേശത്തേക്ക് റോഡ് നിർമ്മിച്ച് വീടുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.
നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയിൽ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചത്.സ്ഥലം അനുവദിച്ച് നാലു വർഷം കഴിഞ്ഞിട്ടും പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു നൽകാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഒടുവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ തന്നെ മുൻകൈയെടുത്ത് പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു.
കാടുവെട്ടിത്തെളിച്ച് അഞ്ചു വീടുകളുടെ പ്രവൃത്തി തുടങ്ങി. ബാക്കിയുള്ളവരുടെ സ്ഥലം ഇപ്പോഴും കാടുകയറിക്കിടക്കുകയാണ്. റോഡ് വന്നതോടെ സ്ഥലം അനുവദിക്കപ്പെട്ട കൂടുതൽ പേർ കാടുവെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നുണ്ട്. 2017 മേയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്.
തുടർന്ന് നഗരസഭാ ഓഫീസിൽ വച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലിൽ പുനരധിവാസ ഭൂമിയും ഓരോരുത്തർക്കും നൽകി. ഇവിടേക്ക് റോഡ് നിർമ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ലെന്ന് പ്രദേശത്തുകാർ പറയുന്നു.
പരാതികളൊന്നും പരിഗണിച്ചില്ലഇവർ സ്വന്തം ചെലവിലാണ് നിർമ്മാണ പ്രവൃത്തികൾക്ക് വൈദ്യുതി ഉൾപ്പടെ ഏർപ്പെടുത്തിയത്. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പുനരധിവാസത്തിന് നൽകിയ സ്ഥലം കാടുകയറിയതോടെ ഇഴജന്തുക്കളുടെയും മറ്റും ശല്യം വർദ്ധിച്ചതായി കാണിച്ച് നാട്ടുകാരും പരാതി നൽകിയിരുന്നു. 11.6 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമ്മിക്കാൻ വേണ്ടി ഏറ്റെടുക്കുന്നത്.