ചീഞ്ഞതും പുഴുനിറഞ്ഞതും; കൊച്ചിയില്‍ രണ്ടു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

Share our post

കൊച്ചി: എറണാകുളം മരടില്‍ രണ്ടു കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീന്‍ പിടികൂടി. ആദ്യത്തെ കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ആകെ പുഴുവരിച്ച മീനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്‌നറില്‍നിന്നാണ് ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്. മീന്‍ ആന്ധ്രാപ്രദേശില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം.

ആദ്യത്തെ കണ്ടെയ്‌നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്‌നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മീനുകളിലാകെ പുഴു നിറഞ്ഞിരിക്കുകയാണ്. കടുത്ത ദുര്‍ഗന്ധമാണ് ഇവിടെനിന്ന് വമിക്കുന്നത്.

ഞായറാഴ്ച വൈകിട്ടും ഈ കണ്ടെയ്‌നറില്‍നിന്ന് ചെറുവാഹനങ്ങളിലേക്ക് മീന്‍ കൊണ്ടുപോയിരുന്നെന്നാണ് വിവരം. രണ്ടു കണ്ടെയ്‌നറില്‍നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. വിഷയത്തില്‍ പോലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തുടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്‌നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്.

വാഹനത്തിന്റെ ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല. ഇവര്‍ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെയ്‌നറിന്റെ മുകളില്‍ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയാണെന്നാണ് കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!