ലോക്ഡൗണില്‍ പാലക്കാടു നിന്ന് മോഷ്ടിച്ച് കടത്തിയത് ഏഴ് മൊബൈല്‍ ഫോണ്‍ ടവറുകള്‍; പ്രതി പിടിയില്‍

പുതുശ്ശേരി(പാലക്കാട്): പുതുശ്ശേരിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം പോയ കേസിലെ പ്രതി തമിഴ്‌നാട് സേലം കൃഷ്ണകുമാറിനെ (46) കസബ പോലീസ് അറസ്റ്റുചെയ്തു.
മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറുകളാണ് കാണാതെ പോയത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി.
പോലീസും കമ്പനിയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഏഴ് ടവറുകള്‍ പാലക്കാടുനിന്ന് മാത്രം മോഷണം പോയതായി കണ്ടെത്തി. ലോക്ഡൗണിന്റെ മറവിലാണ് പ്രതി ഇതെല്ലാം കടത്തിക്കൊണ്ടുപോയത്. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
പാലക്കാട് എ.എസ്.പി. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. സി.കെ. രാജേഷ്, സീനിയര്‍ സി.പി.ഒ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.