കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നു

Share our post

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്‌നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുകയാണ്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത്.

മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു. പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രത്തിന്റെ ഭാഗമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും.

കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്‌നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നത്. അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്.

പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല. എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്.

വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വീട്ടിലെ ശുശ്രൂഷ. അതുകഴിഞ്ഞ് പള്ളിയില്‍. നാലിന് പയ്യാമ്പലത്ത് സംസ്‌കാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!