ബെംഗളൂരുവില്‍ 30 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ 30 ലക്ഷംരൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുല്‍ ഹമീദ് (32), എസ്. പ്രശാന്ത് (29), മേഘാലയ സ്വദേശി സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ കണ്ടെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണക്കാരനില്‍നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.
ഭക്ഷണവിതരണക്കാരുടെ യൂണിഫോം അണിഞ്ഞാണ് സംഘം ലഹരിമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയത്. കെ.ആര്‍. പുരത്തിന് സമീപത്തെ സീഗെഹള്ളിയിലായിരുന്നു മൂന്നുപേരുടെയും താമസം. താമസസ്ഥലത്ത് ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തുക്കള്‍. കെ.ആര്‍. പുരം പോലീസ് കേസെടുത്തു.