ഒറ്റക്ക് താമസിക്കുന്ന വയോധികയെ അക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന 21-കാരന്‍ അറസ്റ്റില്‍

ഓമശ്ശേരി(കോഴിക്കോട്): വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന യുവാവ് പോലീസ് പിടിയില്‍. കോടഞ്ചേരി പുളവള്ളിയില്‍ താമസിക്കുന്ന കൂടരഞ്ഞി കൂമ്പാറ ബസാര്‍ സ്വദേശി കിഴക്കരക്കാട്ട് ജിതിന്‍ ടോമി (ജിത്തു-21) ആണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി എട്ടോടെ താഴെ ഓമശ്ശേരി ആമ്പ്രക്കുന്നുമ്മല്‍ വീട്ടിലെ മീനാക്ഷിയുടെ രണ്ടുപവന്റെ സ്വര്‍ണമാലയും 2000 രൂപയുമാണ് ജിതിന്‍ ടോമി കവര്‍ന്നത്. മുട്ടിവിളിച്ചതുകേട്ട് മീനാക്ഷി വാതില്‍ തുറന്ന ഉടന്‍ ജിതിന്‍ അവരെ അടിച്ചുവീഴ്ത്തുകയും സ്വര്‍ണമാലയും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ മീനാക്ഷിയുടെ തലയ്ക്ക് പരിക്കേറ്റു.
ഇവര്‍ ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസ്സിലാക്കിയാണ് പ്രതി കവര്‍ച്ച ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണമാലയും പണവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. അനൂപ് അരീക്കര, എസ്.ഐ.മാരായ പി. പ്രകാശന്‍, ബിജുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനേഷ്, സിവില്‍ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.