കഴിക്കേണ്ട സമയം രേഖപ്പെടുത്താത്ത പാര്‍സല്‍ ഭക്ഷണം സുലഭം; സര്‍ക്കാര്‍ ഉത്തരവ് നടപ്പാകുന്നില്ല

കോഴിക്കോട്: കഴിക്കേണ്ട സമയം രേഖപ്പെടുത്താത്ത പാര്‍സല്‍ ഭക്ഷണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാവര്‍ത്തികമായില്ല. ഹോട്ടലുകളില്‍ നിന്ന പാര്‍സലായി നല്‍കുന്ന ഭക്ഷണങ്ങളില്‍, തയ്യാറാക്കിയ സമയവും എത്ര സമയത്തിനുള്ളില്‍ ഈ ഭക്ഷണം കഴിക്കണമെന്നതും രേഖപ്പെടുണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ഫെബ്രുവരി ഒന്നുമുതല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെ.
കോഴിക്കോട്ടെ പല ഹോട്ടലുകളിലും പല സമയത്തും ചെന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയെങ്കിലും ഒന്നിലും ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. സോഫ്റ്റ് വെയര്‍ റെഡിയായില്ല, ആപ്പ് റെഡിയായില്ല, ഇനിയും സമയം വേണം, ഞങ്ങള്‍ കുറച്ച് ഭക്ഷണമേ പാര്‍സല്‍ കൊടുക്കാറുള്ളൂ,
ഇതൊക്കെ നടപ്പാക്കാന്‍ പ്രയാസമാണ്, സ്റ്റിക്കര്‍ പതിക്കാന്‍ മെഷീന്‍ റെഡിയായില്ല… തുടങ്ങി പലവിധ മറുപടികളാണ് ഹോട്ടലുകാരില്‍നിന്ന് ലഭിക്കുന്നത്.
ചുരുക്കം ചില വന്‍കിട ഹോട്ടലുകളും സ്വിഗി, സൊമാറ്റോ ആപ്പുകളും മാത്രമാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ് കൃത്യസമയത്ത് നടപ്പാക്കിയത്. ഇക്കാര്യം പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും കാര്യക്ഷമമായി നടക്കുന്നില്ല. മറ്റു ജില്ലകളില്‍ അന്വേഷിച്ചപ്പോളും സ്ഥിതി കോഴിക്കോട്ടേതിന് സമാനം.
ഫുഡ്സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകംചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്നാണ്. ഇത്തരം ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാനും സാധ്യതയുണ്ട്.
അതിനാല്‍ ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.