മാഹിയിലെ വില കണ്ട്ക്കാ…! പെട്രോളിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരം

Share our post

മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരമാണ് വരുന്നത്.

മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 105.85 രൂപയാണ് നിലവിലെ വില. 12 രൂപ കുറവ്. ഡീസൽ മാഹിയിൽ 83.72 എന്നത് കേരളത്തിൽ 94.80 രൂപയാണ്. 11 രൂപ കുറവ്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂട്ടുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരം വരും.

2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. തുടർന്ന് സംസ്ഥാനങ്ങളോട് വില്പന നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേരളം കുറച്ചില്ല.

അതേസമയം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നികുതി കുറഞ്ഞതോടെ കേരളവുമായി ഇന്ധനവിലയിൽ വലിയ അന്തരമുണ്ടാവുകയായിരുന്നു.

വിലവ്യത്യാസത്തെത്തുടർന്നു നേരത്തെ മുതൽ മാഹിയിൽ ഇന്ധന വില്പന ഇരട്ടിയിലധികമായി തുടരുകയാണ്. പുതിയ സാഹചര്യത്തിൽ മാഹിയിലേക്ക് ഇന്ധനത്തിനായി വാഹനങ്ങളുടെ ഒഴുക്ക് കൂടും. മാഹി മേഖലയിലെ 16 പമ്പുകളിലെ ജീവനക്കാർക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ് വരുന്നത്. അതിനിടെ മാഹിയിൽനിന്ന് ഇന്ധനക്കടത്തും തകൃതിയായി നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!