ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവര്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍വെച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.
മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന വാഹനമാണ് കത്തിയത്. അപകട സമയത്ത് സനോജ് മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു.
യാത്രാമധ്യേ നാട്ടുകാര്‍ വണ്ടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് വണ്ടി ഒതുക്കിയത്. വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തേക്കിറങ്ങി ഓടുകയുമായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.