പൊന്നച്ചന്റെ പരീക്ഷണങ്ങൾ സൂപ്പർഹിറ്റ്

ഏഴിലോട്: ഗ്രാഫ്‌റ്റിങ്ങിൽ വിജയഗാഥയുമായി പൊന്നച്ചൻ. കാട്ട് തിപ്പെല്ലി, കരിമുണ്ട എന്നിവയിൽ ഗ്രാഫ്‌റ്റ് ചെയ്യുന്ന കുറ്റി കുരുമുളക്, കാട്ട്‌ചുണ്ടയിൽ തക്കാളിച്ചെടി തുടങ്ങി ഗ്രാഫ്‌റ്റ് ചെയ്‌ത് ഉൽപ്പാദിപ്പിക്കുന്ന ചെടികൾക്കായി വിദൂരങ്ങളിൽനിന്നും പൊന്നച്ചനെ തേടി ആളുകളെത്തുന്നു.
പൊന്നച്ചൻ ഏഴിലോടെന്ന പി .എം തോമസിന് കൃഷി തന്നെയാണ് ജീവിതം. കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് ഏഴിലോടെത്തിയ പൊന്നച്ചൻ കൃഷിയിൽ പരീക്ഷണവും നിരന്തര പഠനവുമായി സജീവം.
വർഷം മുഴുവൻ കായ്ക്കുന്ന ആകാശ വെള്ളരി, കഴിച്ച് കഴിഞ്ഞാലും ദീർഘനേരം മധുരം നിലനിൽക്കുന്ന മിറാക്കൾ ഫ്രൂട്ട്, ചൂലുണ്ടാക്കാനുപയോഗിക്കുന്ന ചൂൽച്ചെടി, മൊട്ടപ്പഴം, സീതപ്പഴം, ഫാഷൻ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട് എന്നിവയും കറുക, ഇരുപ്പ, പഴുതാരച്ചെടി, ഏലം എന്നിവയും പൊന്നച്ചന്റെ ശേഖരത്തിലുണ്ട്.
കസ്തൂരി മഞ്ഞൾ, കറുത്ത മഞ്ഞൾ, കരി ഇഞ്ചി, വയമ്പ്, കച്ചോലം തുടങ്ങിയവയും കൃഷിയിടത്തെ സമ്പന്നമാക്കുന്നു. കാച്ചിൽ, ചേമ്പ്, ചേന, ചെറുകിഴങ്ങ് എന്നിവയും കൃഷി ചെയ്തു വരുന്നു.ബോൺസായ് ഇനങ്ങളാണ് മറ്റൊരു പ്രത്യേകത. തെങ്ങ്, കാപ്പി, പന തുടങ്ങിയവ ബോൺസായ് രീതിയിൽ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.
ഇലകളിൽനിന്നുതന്നെ തൈ ഉൽപ്പാദിപ്പിക്കുന്ന വിസ്മയകരമായ കാഴ്‌ചയും പൊന്നച്ചന്റെ കൃഷിയിടത്തിലുണ്ട്. ഒരു വിത്തിൽനിന്നുതന്നെ രണ്ട് മുള വരുന്ന തെങ്ങുൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇദ്ദേഹം.
എത്ര തവണ പരാജയപ്പെട്ടാലും പിന്നെയും പിന്നെയും ശ്രമിക്കുകയെന്നതാണ് പൊന്നച്ചന്റെ പോളിസി. പൊന്നച്ചന്റെ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ച് അറിയാനും പകർത്താനും നിരവധിപേരാണ് വീട്ടിലെത്തുന്നത്. സിപിഐ എം കാരാട്ട് ബ്രാഞ്ചംഗമാണ് പൊന്നച്ചൻ.