ബസ് അപകടത്തില്‍ പെട്ടാലും സീറ്റില്‍ തലയിടിച്ച് അപകടമുണ്ടാകില്ല; പുതിയ സീറ്റ് ഒരുക്കി വിദ്യാര്‍ഥി

Share our post

ബസുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ യാത്രക്കാരുടെ പരിക്ക് കുറയ്ക്കാന്‍ ഉതകുന്ന സീറ്റ് രൂപകല്പനചെയ്ത് ഒരു വിദ്യാര്‍ഥി. കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈനിങ് വിഭാഗം വിദ്യാര്‍ഥിയായിരുന്ന ബി.കൃഷ്ണകുമാറാണ് സീറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

അപകടം ഉണ്ടാകുമ്പോള്‍ മുന്‍സീറ്റില്‍ പിടിപ്പിച്ചിരിക്കുന്ന കമ്പിയില്‍ പോയി മുഖം ഇടിച്ചാണ് കൂടുതല്‍പ്പേര്‍ക്കും പരിക്കുകളുണ്ടാകുന്നത്. സീറ്റിലേക്ക് സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനും കമ്പി തടസ്സവുമാണ്. അതിനാല്‍ ആ കമ്പി സീറ്റിന് മുകളിലായിട്ടാണ് പുതിയ രൂപകല്പനയില്‍. മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ തലയിലൊന്നും മുട്ടാതെ സീറ്റിലേക്ക് കയറാനുമാകും. മുന്നില്‍ പിടിക്കാനുള്ള ഇടം സീറ്റിനുള്ളിലായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഓരോ സീറ്റിനും കണക്കാക്കി വി കട്ട് നല്‍കിയത് ഒരാള്‍ക്ക് അനുവദിക്കുന്ന ഇടത്തെപ്പറ്റിയുള്ള ധാരണനല്‍കുന്നു. നടുവിനും കഴുത്തിനും ആശ്വാസംനല്‍കുന്ന രീതിയിലാണ് ഉയരവും രൂപകല്പനയും. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമുണ്ട്.

പഠനത്തോടൊപ്പമുള്ള പ്രോജക്ടിന്റെ ഭാഗമായാണ് സീറ്റ് രൂപകല്പന തയ്യാറാക്കിയത്. ”കെ.എസ്.ആര്‍.ടി.സി. ബസില്‍ ധാരാളം യാത്രചെയ്യുന്നയാളാണ് ഞാന്‍. യാത്രക്കാരുമായും ജീവനക്കാരുമായും അപകടാനന്തര ചികിത്സ നടത്തുന്ന ആശുപത്രികളുമായുമെല്ലാം സംസാരിച്ച് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയശേഷമാണ് രൂപകല്പന തയ്യാറാക്കിയത്.”-കൃഷ്ണകുമാര്‍ പറഞ്ഞു.

സീറ്റിനു മുന്നിലെ കമ്പി യാത്രയ്ക്കിടയില്‍ അറിയാതെ ഒരു ടെന്‍ഷന്‍ ഉണ്ടാക്കുന്നുണ്ടെന്ന് യാത്രക്കാരോട് സംസാരിച്ചതില്‍നിന്നു മനസ്സിലായി. അതുകൊണ്ട് ദീര്‍ഘദൂര ബസുകളില്‍ ഇത്തരം സുരക്ഷനല്‍കുന്ന ഇരിപ്പിടങ്ങള്‍ യാത്രക്കാരുടെ മാനസികാവസ്ഥയ്ക്കും നല്ലതാണ്. ആശയം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നല്‍കിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഫാക്കല്‍റ്റി ഉണ്ണിമോഹനാണ് മാര്‍ഗദര്‍ശി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!