പൂളക്കുറ്റി ഉരുൾപൊട്ടൽ നടന്നിട്ട് ആറുമാസം; ദുരന്തം ബാക്കിയാക്കിയത് കണ്ണീരും കഷ്ടപ്പാടും

പൂളക്കുറ്റി: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,വെള്ളറ,നെടുംപുറംചാൽ മേഖലകളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും,പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ,തെറ്റുവഴി പ്രദേശങ്ങളിലും തീരാദുരിതങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് ആറു മാസങ്ങൾ തികയുകയാണ്.
മൂന്ന് ജീവനുകളപഹരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി പാടെ നശിപ്പിക്കുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തം ബാക്കിയാക്കിയത് കർഷകർക്ക് കണ്ണീരും കഷ്ടപ്പാടുകളും മാത്രമാണ്.
നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾ,നട്ടുനനച്ചുണ്ടാക്കിയതെല്ലാം പ്രളയത്തിൽ തുടച്ചുമാറ്റപ്പെട്ടവർ,ജീവിത മാർഗമായ സ്ഥാപനങ്ങൾ നഷ്ടമായ വ്യാപാരികൾ തുടങ്ങിയവരുടെ സർവ മേഖലകളിലും നാശം വിതച്ച ഉരുൾപൊട്ടലും പേമാരിയും തീർത്ത മുറിവുണക്കാൻ അധികൃതർ ഇന്നും കണ്ണ് തുറക്കുന്നില്ലെന്നതാണ് ഖേദകരം.
ദുരന്തഭൂമിയിൽ സഹായവാഗ്ദാനങ്ങളുമായെത്തിയ മന്ത്രിയും എം.എൽ.എമാരും പ്രഖ്യാപനങ്ങൾ പലതും നടത്തിയെങ്കിലും നാമമാത്രമായ സഹായങ്ങളാണ് കർഷകർക്ക് ലഭിച്ചത്.മാസം ആറായിട്ടും കർഷക മനസിലെ മുറിവുണക്കാനുതകുന്ന സഹായങ്ങളോ സ്‌പെഷൽ പാക്കേജോ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല.
പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നിരന്തരം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി ദുരന്തബാധിതർക്കായി രംഗത്തുണ്ടെങ്കിലും ജനകീയ സമരങ്ങളെ പോലും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനങ്ങൾ തുടർന്നുപോകുന്നത്.
സർക്കാർ സഹായം അനന്തമായി നീളുന്ന സാഹചര്യത്തിൽ കലക്‌ട്രേറ്റിനുമുന്നിൽ കുടിൽകെട്ടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനുള്ള തയ്യറെടുപ്പിലാണ് ജനകീയ സമിതിയെന്ന് ഭാരവാഹികളായ സതീഷ് മണ്ണാറുകുളം,രാജു ജോസഫ് വട്ടപ്പറമ്പിൽ എന്നിവർ പറഞ്ഞു.