കുനിത്തല- വായന്നൂർ റോഡ് നവീകരണത്തിന് വഴി തുറന്നു

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുനിത്തല -വായന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടുതന്നെ 2018 – 19ൽ കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ഉൾപ്പെടുത്താൻ പേരാവൂർ പഞ്ചായത്ത് ശ്രമം നടത്തുകയും തുടർന്ന് 2020ൽ എഴര കോടി രൂപ റോഡ് വികസനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു.
റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിന് കേന്ദ്ര ഏജൻസി പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ പരിശോധന നടക്കാത്തതിനാൽ ഭരണാനുമതി ലഭിച്ച റോഡിന്റെ പ്രവൃത്തി അനന്തമായി നീളുകയാണുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ക്രഷറിന്റെ പ്രവർത്തനം ഉരുൾപൊട്ടൽ ഭീതിയിൽ നിലച്ചിരുന്നതും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ പരിശോധന വൈകുന്നതിന് കാരണമായി.
കേന്ദ്ര പദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും എം.പിയുടെ ഇടപെടൽ ഉണ്ടാകാത്തതും എം.എൽ.എയുടെ ശ്രദ്ധ വേണ്ടത്ര പതിയാത്തതും റോഡിന്റെ പ്രവൃത്തി വൈകുന്നതിന് ഇടയാക്കിയിട്ടുണ്ട്.നിലവിൽ പലസ്ഥലങ്ങളിലും റോഡ് തകർന്നതുകൊണ്ടുള്ള ഗതാഗത തടസം പരിഹരിക്കുന്നതിനായി മെയിന്റെനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി താത്കാലിക പരിഹാരമെന്ന നിലയിൽ അടിയന്തരമായി അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റീന മനോഹരൻ, കെ.വി.ശരത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റോഡിന് ആവശ്യക്കാരേറെരണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരാവൂർ – കുനിത്തല – വായന്നൂർ – കോളയാട് റോഡിനോടുള്ള അവഗണനയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. ഗവ. ആയുർവേദ ആശുപത്രി, പഞ്ചായത്ത് പൊതുശ്മശാനം, പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. എൽ.പി.സ്‌ക്കൂൾ, കൂറുമ്പ ഭഗവതി ക്ഷേത്രം, മങ്ങംമുണ്ട കുട്ടിശാസ്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഏക റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. മഴക്കാലത്ത് റോഡ് തകർന്നപ്പോൾ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് താത്കാലികമായി റോഡിലെ കുഴികൾ അടച്ചത്.