ഭൂ പതിവ് ചട്ടം: നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം

Share our post

ന്യൂഡൽഹി: നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ വെച്ച് 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

ഭൂ പതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ നടപടി ആരംഭിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ചത്.

തുടർന്ന് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിശദമായി വാദം കേൾക്കേണ്ടത് ഉണ്ടെന്നും സുപ്രീം ജസ്റ്റിസ് മാരായ ബി.ആർ. ഗവായ്, വിക്രം നാഥ്‌ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിരുന്നു. 1964 ലെ ചട്ട പ്രകാരം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ സർക്കാർ ഭൂമിയുടെ പട്ടയം നൽകാൻ കഴിയൂ.

പട്ടയ ഭൂമിയിൽ വീട് വെയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് ഭൂതല അവകാശം. എന്നാൽ ഖനനം ഉൾപ്പടെ ഭൂമിക്ക് താഴെയുള്ള പ്രവർത്തങ്ങൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാൻ ചട്ടത്തിൽ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ക്വാറി ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ.വി. വിശ്വനാഥൻ, വി. ഗിരി അഭിഭാഷകരായ ഇ. എം. എസ് അനാം, എം. കെ. എസ് മേനോൻ, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവർ ഹാജരായി. പരിസ്ഥിതി വാദികൾക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ജെയിംസ് ടി. തോമസ് എന്നിവരും ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!