കോഴിക്കോട്: ചുമരില്‍ വെള്ളമൊഴിച്ച് കുറേശ്ശയായി സ്പൂണ്‍കൊണ്ട് തുരന്ന് ഏറെനാളെടുത്ത് ഉണ്ടാക്കിയ ദ്വാരത്തിലൂടെ നൂണ്ടിറങ്ങിയാണ് കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് റിമാന്‍ഡ് പ്രതി മലപ്പുറം കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) രക്ഷപ്പെട്ടത്. ഫൊറന്‍സിക് മൂന്നാംവാര്‍ഡ് സെല്ലിലെ ശൗചാലയത്തിന്റെ ചുമരാണ് ഏറെനാളെടുത്ത് ഇര്‍ഫാന്‍ തുരന്നത്. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു അത്.
സംഭവം പുറത്തുവന്നതോടെ എല്ലാവരിലും അമ്പരപ്പുണ്ടായെങ്കിലും അധികൃതര്‍ക്ക് അതില്‍ അദ്ഭുതത്തിനുള്ള വകയൊന്നുമില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് കുമ്മായത്തില്‍ നിര്‍മിച്ച വാര്‍ഡിലെ സെല്ലുകളുടെ ഭിത്തികള്‍ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലെന്നതുതന്നെ കാരണം.
അന്ന് രക്ഷപ്പെട്ട മുഹമ്മദ് ഇര്‍ഫാന്‍ കോട്ടക്കലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സ്പൂണിന്റെ കഷ്ണം ഭിത്തിക്കരികില്‍നിന്ന് കണ്ടെടുത്തു.
ഇരുപതോളം സെല്ലുകളുള്ള ഫൊറന്‍സിക് വാര്‍ഡിന്റെ സുരക്ഷയ്ക്ക് രണ്ടു പോലീസുകാര്‍ സദാസമയവും ഡ്യൂട്ടിയിലുണ്ടായിരിക്കും. പക്ഷേ സെല്ലിനുള്ളിലേക്ക് പുറത്തുനിന്ന് കൃത്യമായി കാണാനാവാത്ത അവസ്ഥയുണ്ട്. ചുമര് തുരന്ന് പുറത്തു കടന്ന് ഫൊറന്‍സിക് വാര്‍ഡിന്റെ പിന്‍വശത്തെ വനിതാവാര്‍ഡിന്റെ മതിലില്ലാത്ത ഭാഗത്തുകൂടെയാണ് അന്ന് അന്തേവാസി രക്ഷപ്പെട്ടത്. ഈ ഭാഗത്ത് മതില്‍ കെട്ടാനുള്ള ശുപാര്‍ശ 2020-ല്‍ സമര്‍പ്പിച്ചിരുന്നു. 2022 മേയിലാണ് ഭരണാനുമതി കിട്ടിയത്. പിന്നീട് നടപടിയൊന്നുമുണ്ടായില്ല.
വനിതാ ഫൊറന്‍സിക് വാര്‍ഡ് അഞ്ചിലെ ജനല്‍കമ്പിയില്‍ തൂങ്ങാന്‍ ശ്രമിച്ച അന്തേവാസിക്ക് പരിക്കേറ്റതും കഴിഞ്ഞവര്‍ഷമാണ്. നഴ്സും മറ്റും കണ്ടതോടെയാണ് അവരെ രക്ഷപ്പെടുത്താനായത്. അന്തേവാസികള്‍ ചാടിപ്പോകുന്നത് തുടര്‍ക്കഥയായതോടെ കഴിഞ്ഞവര്‍ഷം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുന്നിടംവരെ കാര്യങ്ങളെത്തി.
ആശുപത്രിയിലെ സുരക്ഷയെ സംബന്ധിച്ച് മോണിറ്ററിങ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ആശുപത്രിയില്‍നിന്ന് ചാടിപ്പോകുന്നത് ഇപ്പോഴും തുടരുകയാണ്. ഫാമിലി വാര്‍ഡില്‍നിന്ന് വിമുക്തഭടനായ അന്തേവാസി പുറത്തെ ട്രാന്‍സ്‌ഫോര്‍മറിനടുത്തുള്ള വലിയമതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടത് കഴിഞ്ഞ അഞ്ചിനാണ്. ഇയാളെ രാത്രിയോടെ പോലീസ് പിടികൂടി തിരികെയെത്തിച്ചു.
മാസത്തില്‍ ശരാശരി മൂന്നുപേര്‍വീതം ചാടിപ്പോകുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞത്. കഴിഞ്ഞവര്‍ഷം പത്ത് ആളുകളുടെ പേരിലാണ് ചാടിപ്പോയതിന് കേസെടുത്തിട്ടുള്ളത്.
അവസ്ഥ പഴയതു തന്നെ
1872-ല്‍ തുടങ്ങുമ്പോഴുള്ള അവസ്ഥയില്‍നിന്ന് കാര്യമായ മാറ്റമൊന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് വന്നിട്ടില്ല. ചിത്തരോഗാശുപത്രിയെന്ന പഴയ പേര് മാനസികാരോഗ്യകേന്ദ്രമെന്ന് മാറിയെങ്കിലും അവസ്ഥ പഴയതുതന്നെ.
ബ്രിട്ടീഷുകാരായ സൂപ്രണ്ടുമാര്‍ മാറി ഇന്ത്യക്കാരനായ സൂപ്രണ്ട് എത്തുന്നത് 1960-കളിലാണ്. ഡോ. അയ്യത്താന്‍ ഗോപാലനാണ് ചിത്തരോഗാശുപത്രിയെന്ന മേല്‍വിലാസം മാറ്റാന്‍ ശ്രമം തുടങ്ങിയത്. മാനസികരോഗികള്‍ക്ക് സൗഹൃദപരമായ ഇടപെടലിലൂടെ പരിചരണം നല്‍കി. കാമ്പസില്‍ തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതുപോലുള്ള കാര്യങ്ങളും നടന്നത് അപ്പോഴാണ്. ഡോക്ടറുടെ കൊച്ചുമകനായ എ. സുജനപാല്‍ എം.എല്‍.എ. യായിരുന്ന കാലത്താണ് വലിയമതിലും പ്രധാന കവാടവും നിര്‍മിച്ചത്.