പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ ഉദ്യോഗത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ മാസത്തിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 17-നകം സമര്‍പ്പിക്കണം.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയില്‍ 11,994 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോടിക്‌സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയില്‍ 529 ഒഴിവുണ്ട്.
18-25 പ്രായപരിധിക്കാരുടെ 9,329 ഒഴിവും 18-27 പ്രായപരിധിക്കാരുടെ 2,665 ഒഴിവുമുണ്ട്. കേരളത്തില്‍ 18-25 പ്രായപരിധിക്കാരുടെ 173 ഒഴിവും 18-27 പ്രായപരിധിക്കാരുടെ 106 ഒഴിവും ചേര്‍ത്ത് 279 ഒഴിവാണുള്ളത്. ലക്ഷദ്വീപില്‍ 18-25 പ്രായപരിധിക്കാരുടെ ഒഴിവില്ല. 18-27 പ്രായപരിധിക്കാരുടെ 15 ഒഴിവുണ്ട്.
ഹവില്‍ദാര്‍ തസ്തികയില്‍ കേരളത്തില്‍ തിരുവനന്തപുരത്തുള്ള സി.ജി.എസ്.ടി.യില്‍ 6 ഒഴിവുകളും (ജനറല്‍-3, എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-1) കസ്റ്റംസില്‍ രണ്ട് ഒഴിവുകളുമാണ് (ജനറല്‍-2) ഉള്ളത്. 2022-ലെ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. യോഗ്യത 17.02.2023-നകം നേടിയിരിക്കണം.
ശാരീരിക യോഗ്യത (ഹവില്‍ദാര്‍ തസ്തികയിലേക്ക്): ഉയരം പുരുഷന്മാര്‍ക്ക് 157 സെന്റീമീറ്ററും (എസ്.ടി.വിഭാഗക്കാര്‍ക്ക് അഞ്ച് സെ.മീ. വരെ ഇളവ് ലഭിക്കും), സ്ത്രീകള്‍ക്ക് 152 സെന്റീമീറ്ററും (എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെ.മി.വരെ ഇളവ് ലഭിക്കും). നെഞ്ചളവ്- പുരുഷന്മാര്‍ക്ക് 76 സെ.മീ.,അഞ്ച് സെ.മീ വികാസവും വേണം. ഭാരം- സ്ത്രീകള്‍ക്ക് 48 കിലോഗ്രാം. (എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് കിലോഗ്രാം ഇളവ് ലഭിക്കും).
പ്രായം: 18-25 വയസ്സ്, 18-27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 18-25 വിഭാഗത്തിലുള്ളവര്‍ 02-1-1998-നും 01.01.2005-നും ഇടയില്‍ ജനിച്ചവരും 18-27 വിഭാഗത്തിലുള്ളവര്‍ 02.01.1996-നും 01.01.2005-നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10, ഒ.ബി.സി.-13, എസ്.സി., എസ്.ടി.-15 എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, നിയമപരമായി വേര്‍പിരിഞ്ഞിട്ടും പുനര്‍വിവാഹം ചെയ്യാത്ത സ്ത്രീകള്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. ഹവില്‍ദാര്‍ തസ്തികയിലേക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരിരിക യോഗ്യതാപരീക്ഷയും ഉണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ട് സെഷനുകളുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളിലും ലഭിക്കും.
ശാരീരികശേഷി പരിശോധന (ഹവില്‍ദാര്‍ തസ്തികയിലേക്ക്): നടത്തം- പരുഷന്മാര്‍ 15 മിനിറ്റില്‍ 1600 മീറ്റര്‍, സ്ത്രീകള്‍ 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍.
വിശദ വിവരങ്ങള്‍ക്ക്: www.ssc.nic.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 17. ഫെബ്രുവരി 19 വരെ ഫീസടയ്ക്കാം
അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഫെബ്രുവരി 23, 24 തീയതികളില്‍ തിരുത്താം. തിരുത്തി സമര്‍പ്പിക്കുന്നതിന് ചാര്‍ജ് ഈടാക്കും.