അഞ്ചരക്കണ്ടി പുഴ: ഇരുവശങ്ങളിലും കരയിടിച്ചിൽ രൂക്ഷം

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷം. മമ്പറം പാലത്തിനും കീഴല്ലൂർ പാലത്തിനും മധ്യേയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമാണ് കരയിടിച്ചിൽ വ്യാപകമാവുന്നത്. വെള്ളം പൂർണമായും നനഞ്ഞ് ഇളകിയ മണ്ണ് ആയതിനാൽ കരയിടിയുകയാണ്.
തെങ്ങ്, കവുങ്ങ്, വാഴ എന്നിവയടക്കം കടപുഴകുന്നതും പതിവാണ്. കരയിടിച്ചൽ രൂക്ഷമാവുന്നതോടെ കൃഷിക്കാർക്ക് കൂടുതൽ പ്രയാസം ഉണ്ടാവുന്നു.
കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർഷകരുടെ വിളകൾ നശിക്കുന്ന സ്ഥിതിയുമുണ്ട്. വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി പഞ്ചായത്തുകളിലാണ് കരയിടിച്ചിൽ കൂടുതൽ. മാമ്പ വയലിനോട് ചേർന്ന ചില സ്ഥലങ്ങളിലും കരയിടിച്ചിൽ രൂക്ഷമാണ്.
മിക്ക ഭൂ ഉടമകളുടെയും വലിയൊരു ഭാഗം സ്ഥലം കരയിടിച്ചിൽ മൂലം നഷ്ടമായിരിക്കുകയാണ്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പുഴ സംരക്ഷണ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ പൂർണമായും വിനിയോഗിച്ചാൽ ഏറെ ആശ്വാസകരമാവുമെന്ന് കർഷകർ പറഞ്ഞു. കരയുടെ ഇരുവശങ്ങളും കരിങ്കല്ലുകൾ ഉപയോഗിച്ച് കെട്ടിയിൽ കരിയിടിച്ചിൽ പ്രശ്നത്തിന് പരിഹാരം ആവുമെന്നാണ് നാട്ടുകാർ പറയുന്നത്.
ആദ്യഘട്ടത്തിൽ രൂക്ഷമായ കരയിടിച്ചൽ പ്രശ്നമുള്ള സ്ഥലങ്ങളിലെ പ്രവർത്തികൾ ആരംഭിക്കുകയും പിന്നീട് പൂർണമായും നടപ്പിലാക്കുന്ന രീതിയിലുള്ളതുമാവണം.
കീഴല്ലൂർ ഡാമിനോട് ചേർന്നുള്ള ഭാഗങ്ങളിലും കരയിടിച്ചൽ രൂക്ഷമാണ്. പ്രശ്നത്തിന് അധികൃതർ വേഗത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.