മലയോരത്ത് വോളി കോർട്ടുകൾ സജീവം; ഇനി ഉത്സവത്തിന്റെ നാളുകൾ

Share our post

ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട ക്ലബ്ബുകളിലെ താരങ്ങൾ മാത്രമാണ് ടൂർണമെന്റുകളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നതെങ്കിൽ ഇപ്പോൾ ദേശീയ താരങ്ങളും വൻകിട ക്ലബ് താരങ്ങളും ഗ്രാമീണ മൺ കോർട്ടുകളിൽ ആവേശം വിതറുകയാണ്.

പ്രാദേശിക വോളിയും ജില്ലാ – സംസ്ഥാന തല ടൂർണമെന്റുകളും ഒപ്പം നടക്കുന്നതിനാൽ പ്രാദേശിക കളിക്കാർക്ക് പരിഗണന കിട്ടുന്നില്ല എന്ന പരാതിയും ഇല്ല.ജില്ലയിലെ പ്രമുഖ ക്ലബ്ബുകളായ യുവധാര പട്ടാന്നൂർ, ടാസ്ക് മക്രേരി തുടങ്ങിയവരോട് കിടപിടിക്കാൻ യുവരക്തവുമായി പയ്യന്നൂർ കോളജ്, മട്ടന്നൂർ കോളജ്, ഡി പോൾ എടത്തൊട്ടി, സായ് സെന്റർ കാലിക്കറ്റ്, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി തുടങ്ങിയവർ പുത്തൻ കളിക്കാരും ആയി കയ്യടി നേടുന്നുണ്ട്. മിക്ക മത്സരങ്ങളും ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയങ്ങളിൽ വൈകിട്ട് 7 ന് തുടങ്ങി രാത്രി ഏറെ വൈകാതെ അവസാനിക്കുന്നതിനാൽ കാണികളുടെപങ്കാളിത്തവും ഏറെയാണ്.

യതു, സെറ്റർ അഖിൽ, ബ്ലോക്കർ അലക്സ്, അമൽ, ഉജ്വൽ, കിഷോർ, ദീപക്, ആദിൽ, അതുൽ, ഫാസിൽ, റിജാസ്, നിധിൻ ജോർജ്, അരുൺ, ഇജാസ്, നൈജു, അക്ഷയ്, ജിബിൻ തുടങ്ങിയ യുവ നിരയുടെ പ്രകടനവും വർഷങ്ങളായി കളി പ്രേമികളുടെ ഇഷ്ടതാരങ്ങളായ അശോകൻ പട്ടാന്നൂർ, മുബഷീർ, അജിത്, ഉദിത്, മഥുൻ, സന്തോഷ്, അഭിനവ്, കാർത്തിക്, വൈഷ്ണവ്, പ്രജീഷ് എന്നിവരും ഒപ്പം പ്രാദേശിക ടീമിലെ കളിക്കാരും ചേരുമ്പോൾ കളി പ്രേമികളുടെ പ്രായം മറന്ന പ്രകടനത്തിനും കളിക്കളം വേദിയാവുകയാണ്.

കളിക്കാർക്കൊപ്പം തന്നെ ടൂർണമെന്റുകൾ സംഘാടക മികവു കൊണ്ടും ശ്രദ്ധേയമാവുകയാണ്. യുവശക്തി കുയിലൂർ, വോയ്സ് ഓഫ് മണിക്കടവ്, ഡിവൈഎഫ്ഐ നെല്ലിക്കാംപോയിൽ, ചൈതന്യ പറപ്പട്ടണം, നടുവനാട് കൂട്ടായ്മ, പ്രതിഭ ആലത്തുപറമ്പ്, റെഡ് സ്റ്റാർ കോണ്ടമ്പ്ര, റൂറൽ പരിക്കളം, യുവ ശക്തി അലവിക്കുന്ന്, തപസ്യ വീർപ്പാട്, വോളി ടീം കണ്ണവം തുടങ്ങിയവരിൽ ചിലർ ടൂർണമെന്റുകൾ ഇതിനകം നടത്തി കഴിഞ്ഞെങ്കിലും മറ്റ് ചിലർ മത്സര തീയതികൾ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അടുത്ത മാസം

എല്ലാ ദിവസവും ടൂർണമെന്റുകൾ നടക്കും വിധമാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്.സ്വന്തമായി ടീമുകൾ ഇല്ലെങ്കിലും ഇറക്കുമതി കളിക്കാരെ ഇറക്കി കളം നിറയുന്ന ടീമുകളും കുറവല്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കളിക്കാരും ടീമുകളും ഗ്രാമീണ വോളിയിൽ പോലും ഇടംപിടിക്കുന്നുണ്ട്. അടുത്ത മഴക്കാലം തുടങ്ങും വരെ മലയോരം വോളിബോളിന്റെ പൊടിപൂരത്തിന് സാക്ഷിയാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!