മനം കുളിർക്കും ഉദ്യാനക്കാഴ്‌ചകൾ

Share our post

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവത്തിൽ വർണ വിസ്‌മയമായി പുഷ്‌പോദ്യാനം. 10,000 ചതുരശ്ര അടിയിൽ പൂച്ചെടികളും പുൽത്തകിടിയും അതി മനോഹരമായാണ്‌ ഡിസ്‌പ്ലേ ചെയ്‌തത്‌. ചെട്ടിപ്പൂ, ഡാലിയ, ദയാന്റസ്‌, ആഫ്രിക്കൽ വയലറ്റ്‌, ആന്തൂറിയം, വിവിധ ഇനത്തിലുള്ള കടലാസ്‌ പുഷ്‌പങ്ങൾ, പൊറ്റോണിയ, ജെറിബ്ര (എല്ലാ നിറങ്ങളിലുമുള്ളവ), ഇലച്ചെടികൾ, പൈക്കസ്‌, ഫിലാഡൻഡ്രോ, വിവിധ ഇനം പനകൾ എന്നിവയാണ്‌ കാഴ്‌ചയുടെ വിരുന്നൊരുക്കുന്നത്‌.

കണ്ണൂരിലെ സുലൈമാന്റെ നഴ്‌സറിയിലുള്ള 25 ഇനം ബോൺസായി ഉദ്യാനം കൗതുകമാണ്‌.
ഏറെ ഗൃഹപാഠം ചെയ്‌താണ്‌ കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന ഡിസ്‌പ്ലേ ഒരുക്കിയത്‌. പുണെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ്‌ പൂച്ചെടികൾ എത്തിച്ചത്‌. 90 ദിവസമാകുമ്പോൾ പൂർണമായി പുഷ്‌പിക്കുന്ന ചെടികൾ കണ്ണൂർ പുഷ്‌പോത്സവത്തിനായി പുണെയിലെയും മറ്റും നഴ്‌സറികളിൽ നേരത്തെ തയ്യാറാക്കിയിരുന്നു.

അവസാന 10 ദിവസമാണ്‌ ഇവ ഏറ്റവും മനോഹരമായി പുഷ്‌പിക്കുന്നത്‌. ഈ സൗന്ദര്യമാണ്‌ പുഷ്‌പോത്സവത്തെ മനോഹരമാക്കുന്നത്‌.3,000 ചരുതശ്ര അടിയിലാണ്‌ പുൽത്തകിടി. വയനാട്ടിലെ ആദിവാസികൾ നിർമിച്ച മുളപ്പാലം, ആദിവാസി ശൈലിയിലുള്ള കുടിലുകൾ എന്നിവയും വേറിട്ട അനുഭവം. ഡിസ്‌പ്ലേക്ക്‌ അകത്ത്‌ ഫോട്ടോയെടുക്കാനുള്ള ബൂത്ത്‌, സെൽഫി കോർണർ എന്നിവയുമുണ്ട്‌.

നൂറുകണക്കിന്‌ സന്ദർശകർ വർണ കാഴ്‌ചകൾ ക്യാമറകളിൽ ഒപ്പിയെടുക്കുന്നുണ്ട്‌. സെൽഫി കോർണറിലും തിരക്കാണ്‌. അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി യു കെ ബി നമ്പ്യാർ, ജോ. സെക്രട്ടറി എം കെ മൃദുൽ എന്നിവരാണ്‌ ഡിസ്‌പ്ലേക്ക്‌ മേൽനോട്ടം വഹിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!