മൈസൂരു – ബാംഗ്ലൂർ പത്തുവരിപാത ഫെബ്രുവരിയില്‍ തുറന്നു നൽകും: കേരള- കര്‍ണാടക യാത്രയ്ക്ക് ഇനി എക്സ്പ്രസ് വേഗം

കണ്ണൂര്‍: കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും.
മൈസൂരില്‍ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത് വരിപ്പാതയിലൂടെയുള്ള യാത്ര സമയം 80 മിനുട്ടായി ചുരുങ്ങും. നേരത്തെ ഇത് മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു.
മാണ്ട്യ മുതല്‍ കെങ്കേരി വരെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പാത. നിലവില്‍ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോള്‍ പിരിക്കലും മറ്റും ഉദ്ഘാടനത്തിനു ശേഷമായിരിക്കും.
- ചിലവ് – 8,408 കോടി
- ബംഗ്ളൂര്‍ യാത്രയില്‍ 2 മണിക്കൂര്‍ കുറവ്
- ബൈപ്പാസുകള്‍ – 05
ടോള്‍ ബൂത്തുകള്‍- 02
- ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആറുവരിപ്പാത
ഇരുവശങ്ങളിലുമുള്ള രണ്ടു വരി വീതം തദ്ദേശീയര്‍ക്ക് യാത്ര ചെയ്യാനുള്ളതാണ്. ആറുവരിപ്പാതയിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഗൂഡല്ലൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം, ദൂരം കുറയും.
ഗുണ്ടല്‍പേട്ട , കോയമ്പത്തൂര്‍ വഴി തമിഴ്നാട്ടിലേക്കും വേഗമെത്താം.
വികസന പ്രതീക്ഷയില്‍ വടക്കേ മലബാറും
വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയില്‍ വടക്കേ മലബാറും. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകള്‍ക്കെല്ലാം ദേശീയപാത പദവി നല്‍കാന്‍ നേരത്തേ തന്നെ തത്വത്തില്‍ അനുമതി ലഭിച്ചതാണ്.കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അഴീക്കല്‍ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കുടക് മേഖലയിലുള്ളവര്‍ക്കും സാധിക്കുമെന്നതിനാല്‍ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര-വ്യവസായ-വിനോദസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി – മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.
പദ്ധതിക്കായി 3883 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്ന് ബൈപാസുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാത.ഇതിന്റെ തുടര്‍ച്ചയായി മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയര്‍ത്താന്‍ തത്വത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്.