ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

Share our post

തിരുവനന്തപുരം : ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും പരിശോധനകളുടെ ഭാഗമാകും.

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ 883 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും 176 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഒന്നും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ട‌ര്‍ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 160 ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.

ഇവരുടെ സഹായം കൂടിയാകുമ്പോള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാകും. കോവിഡ് കാലത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സ്‌തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്‌തത്.

ഓരോ തദ്ദേശ സ്ഥാപനപരിധിയിലും ആരോഗ്യ വകുപ്പിന് കീഴില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ചാര്‍ജുള്ള സീനിയറായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്.

പൊതുജനാരോഗ്യ നിയമ പ്രകാരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടെങ്കില്‍ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ച് നടപടി സ്വീകരിക്കാനും കഴിയും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച് മേല്‍ നടപടി സ്വീകരിക്കാനും സാധിക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം വിളമ്പുന്നുവെന്ന് ഓരോ സ്ഥാപനവും ഉറപ്പ് വരുത്തണം. അതിലൂടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും അഭിവൃദ്ധിക്കും ഏറെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!