കാർഷിക ഗ്രാമ വികസന ബാങ്കിൽ ക്രമക്കേട്; രണ്ടുപേർ സസ്പെൻഷനി​ൽ

Share our post

മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയടക്കം രണ്ടുപേരെ പുതിയ ഭരണസമിതി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. നടപടി വൈകിപ്പിച്ച മുൻ അഡ്മിനിസ്‌ട്രേറ്റർമാർക്കും സഹകരണ ജീവനക്കാർക്കെതിരെയും സഹകരണ രജിസ്ട്രാറുടെ കത്തിൽ ഗുരുതര പരാമർശം.

ഇവർക്കെതിരെ ബാങ്ക് തല അന്വേഷണം നടത്തി കുറ്റപത്രം നൽകാൻ നാലംഗസമിതിയെ നിയമിച്ചു.ലോൺ രേഖകളിലാണ് വ്യാപകമായി ക്രമക്കേടുള്ളത്. ലോൺ സംബന്ധിച്ച രേഖകളിൽ വലിയ തിരിമറി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി. വി. സിജാമോൾ, ബാങ്ക് ജീവനക്കാരൻ പ്രവീൺ എം .ജി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

2022 മെയ് 2ലെ കോ ഓപ്പറേറ്റീവ് വിജിലൻസ് ഓഫീസറുടെയും 2022 ആഗസ്റ്റ് 16ലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടേയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും നടപടി,.പി .എം. ഹുസൈനാർ നൽകിയ മറ്റൊരു പരാതിയിലും പ്രവീണിനെ സസ്‌പെൻഡ് ചെയ്യാൻ സഹകരണ ജോയിന്റ് രജിസ്റ്റാറുടെ നിർദ്ദേശമുണ്ടായിരുന്നു.

പ്രവീണിനെതിരെ നടപടി വൈകിപ്പിച്ച മുൻ അഡമിനിസ്‌ട്രേറ്റർമാർക്കും സഹകരണ ജീവനക്കാർക്കെതിരെയും സഹകരണ രജിസ്റ്റാറുടെ കത്തിൽ പരാമർശമുണ്ട്. നടപടി വൈകിയതോടെ പുതിയ ഭരണസമിതിക്ക് ഈമാസം 23ന് വീണ്ടും വിജിലൻസിന്റെ കത്ത് ലഭിച്ചു. ഇതിൽ ബാങ്ക് ഭരണസമിതി നിയമോപദേശം തേടിയതി​നെത്തുടർന്നാണ് ബാങ്ക് ഭരണസമിതി വിജിലൻസ് നിർദ്ദേശ പ്രകാരം 25ന് ചേർന്ന് ഇരുവരെയും സസ്പന്റ് ചെയ്തതെന്ന് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!