കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ സൂക്ഷിക്കണം: ലേബല്‍ നോക്കി വാങ്ങണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Share our post

തിരുവനന്തപുരം: മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളില്‍ മിഠായി കഴിച്ച്‌ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികള്‍ നശിപ്പിച്ചതായും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

മിഠായി വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്ബോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.

2. കൃത്രിമ നിറങ്ങള്‍, നിരോധിച്ച നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക.

3. ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.

4.ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്ബര്‍ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികള്‍ മാത്രം വാങ്ങുക.

5. കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിട്ടായി ഒരിക്കലും വാങ്ങി കഴിക്കരുത്. നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!