ഭഷ്യവിഷബാധ: ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടി

കൊല്ലം: ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംഘാടകർ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു.
ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു വർഷമായി ലൈസൻസില്ലാതെയാണ് കട പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിനിടെയാണ് 20 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരിപാടിയിൽ പൊറോട്ടയും കറിയുമടങ്ങിയ ഭക്ഷണ പൊതികൾ നൽകിയിരുന്നു. ഇത് കഴിച്ചതോടെയാണ് ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയിൽ നിന്നുമാണ് ഭക്ഷണം വാങ്ങിയിരുന്നത്. തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും കടയിൽ പരിശോധന നടത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവർ ആസ്പത്രിയിൽ ചികിത്സയിലാണ്.