പത്തു മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് ഒരമ്മ

കോയമ്പത്തൂർ: സർക്കാർ സംവിധാനത്തിലുള്ള മുലപ്പാൽ ബാങ്കിലേക്ക് പത്തുമാസംകൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാനചെയ്ത് ശ്രീവിദ്യയെന്ന അമ്മയുടെ നല്ലമാതൃക. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യയുടെ പ്രവൃത്തി.
ശ്രീവിദ്യ
വടവള്ളി പി.എൻ. പുതൂരിലെ ഭൈരവന്റെ ഭാര്യ ശ്രീവിദ്യ (27) രണ്ടാമത്തെ കുഞ്ഞുപിറന്ന് അഞ്ചാംദിവസംമുതൽ മുലപ്പാൽ സംഭാവനചെയ്യുന്നുണ്ട്. തിരുപ്പൂർ സ്വദേശിയുടെ സന്നദ്ധസംഘടനയിലൂടെയാണ് മുലപ്പാൽ ബാങ്കിനെക്കുറിച്ച് ശ്രീവിദ്യ അറിയുന്നത്.
ദിവസവും കുഞ്ഞിന് പാൽ കൊടുത്തുകഴിഞ്ഞാൽ ശേഷിക്കുന്ന പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വെക്കും. സന്നദ്ധസംഘടനയുടെ വൊളന്റിയർമാർ വന്ന് സർക്കാർ ആശുപത്രികളിലെ മുലപ്പാൽ ബാങ്കിലേക്ക് മുലപ്പാൽ കൊണ്ടുപോകും. ഇപ്പോൾ ഏഴുമാസമായി തുടർച്ചയായി പാൽ നൽകുന്നുണ്ട്.
മുലപ്പാൽ കിട്ടാത്ത നവജാതശിശുക്കൾക്കുവേണ്ടിയാണ് മുലപ്പാൽ ബാങ്കിലെ പാൽ ഉപയോഗിക്കുന്നത്. കോയമ്പത്തൂരിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് അമ്മമാർ ദിവസവും പാൽ സംഭാവനചെയ്യുന്നുണ്ട്.