കൈയ്യടി നയത്തില്‍ മാത്രം; ഇ-ടാക്‌സികള്‍ക്ക് പൊള്ളും റോഡു നികുതി

Share our post

വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇ ടാക്‌സികളുടെ റോഡുനികുതി തൊട്ടാല്‍ പൊള്ളും. വൈദ്യുതിക്കാര്‍ ടാക്‌സിയാക്കിയാല്‍ വിലയുടെ 21 ശതമാനംവരെ നികുതി നല്‍കേണ്ടിവരും. ഓട്ടോറിക്ഷകള്‍ക്ക് ഇളവുണ്ട്. സ്വകാര്യ ആവശ്യത്തിനുള്ള ഇ കാറുകള്‍ക്ക് അഞ്ചുശതമാനമായി നികുതി ഇളവുനല്‍കിയിട്ടുമുണ്ട്.

ഒറ്റച്ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ ഓടുന്ന ഇലക്ട്രിക് കാറുകള്‍ ഇറങ്ങിയതോടെയാണ് ടാക്‌സിയായും ഉപയോഗിക്കാനുള്ള സാധ്യത തെളിഞ്ഞത്. സ്വകാര്യവാഹനങ്ങളെക്കാള്‍ ടാക്‌സിവാഹനങ്ങളാണ് കൂടുതല്‍സമയം നിരത്തിലുണ്ടാകുക. മലിനീകരണത്തോത് നിയന്തിക്കാനാണെങ്കില്‍ പൊതുവാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഏഴുസീറ്റര്‍ ടാക്‌സി കാറിന്റെ മുന്തിയ മോഡലിന് 32 ലക്ഷം വിലയുണ്ട്. ഇതേ വിലയ്ക്ക് ഒറ്റച്ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ഇ കാറുകള്‍ ലഭിക്കും. എന്നാല്‍, ഇവ നിരത്തില്‍ ഇറക്കണമെങ്കില്‍ വിലയുടെ 21 ശതമാനം നികുതി അടയ്‌ക്കേണ്ടിവരും. ഇതാണ് ടാക്‌സി ഉടമസ്ഥരെ പിന്തിരിപ്പിക്കുന്നത്.

ഡീസല്‍, പെട്രോള്‍ കാറുകളെക്കാള്‍ വിലക്കൂടുതലാണെന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഇതു മറികടക്കാന്‍ പല സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ എറ്റവും ഉയര്‍ന്ന റോഡുനികുതിയാണ് കേരളത്തില്‍ ഈടാക്കുന്നത്. അതേ രീതി ഇടാക്‌സികളുടെ കാര്യത്തിലും തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!