രുചിയോടെ ഉണ്ണാം, കീശ കാലിയാകാതെ

Share our post

ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ്‌ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്‌തമാക്കിയത്‌. 20 രൂപയ്‌ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ്‌ ദിവസവും ഇവിടെ എത്തുന്നത്‌. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ ആളുകളെത്തുന്നുണ്ട്‌.

ടൗണിലെത്തുന്ന സാധാരണക്കാർക്കൊപ്പം ബാങ്ക് –- കെഎസ്ആർടിസി ജീവനക്കാരും നിത്യ വരുമാനക്കാരായ തൊഴിലാളികൾ, ഓട്ടോ––ടാക്സി തൊഴിലാളികൾ തുടങ്ങിയവരെല്ലാം ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കളാണ്. കീശ കാലിയാക്കാതെ വയറുനിറയുന്നതിനന്റെ ആശ്വാസത്തിലാണ്‌ ഇവർ. പകൽ 11 മുതൽ 3.30 വരെയാണ്‌ ഹോട്ടലിന്റെ പ്രവർത്തനം.

ആവശ്യക്കാർ പ്രത്യേകം ഓഡറുകൾ നൽകിയാൽ വീട്ടിലെ വിശേഷ അവസരങ്ങൾക്കായി ഞായറാഴ്ചയും വിഭവങ്ങൾ തീൻമേശയിലെത്തും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിലേക്ക്‌ നിത്യേന നൂറു കണക്കിന് പാഴ്സലുകളാണ് ഇവിടെനിന്ന്‌ കൊണ്ടുപോകുന്നത്.

മാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ മാർഗങ്ങൾ ഉണ്ട്. ചെമ്പിലോട് പഞ്ചായത്ത് സൗജന്യമായി നൽകിയ കടമുറിയിലാണ് ഹോട്ടലിന്റെ പ്രവർത്തനം. വൈദ്യുതി വാടകയും പഞ്ചായത്താണ്‌ നൽകുന്നത്‌. വി കെ ശൈലജ സെക്രട്ടറിയും സി ഷൈജ പ്രസിഡന്റുമായ കുടുംബശ്രീ യൂണിറ്റാണ് ജനകീയ ഹോട്ടൽ നടത്തുന്നത്. ആകെ അഞ്ച് പേരാണ് യൂണിറ്റിൽ ഉള്ളത്.

ജീവിതം മാറി
ജനകീയ ഹോട്ടലിൽ കുടുംബശ്രീ മുഖേന തൊഴിൽ ലഭിച്ചതോടെ ജീവിതം അടിമുടി മാറി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പറ്റുന്നുണ്ട്. ഇപ്പോൾ ജീവിതം കളർഫുള്ളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!