ജീവനക്കാരില്ല; ഇരിട്ടിയിലെ ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ

Share our post

ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ മുറിക്ക് മുന്നിൽ ക്ഷീര വികസന ഓഫിസിന്റെ ബോർഡ് അല്ലാതെ സ്ഥിരം ജീവനക്കാരില്ലാതായിട്ടു 4 മാസം ആയി. കംപ്യൂട്ടറുകൾ എല്ലാം കേടാകാതെ മൂടി പുതപ്പിച്ച് സൂക്ഷിച്ചിരിക്കുകയാണ്.

താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ള 2 ഫീൽഡ് സ്റ്റാഫും ഒരു സ്വീപ്പറും മാത്രം ആണു ഉള്ളത്. 6 പഞ്ചായത്തുകളും 2 നഗരസഭകളും ഉൾപ്പെടുന്ന ബ്ലോക്ക് പരിധിയിൽ ക്ഷീര വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ട ഓഫിസിനോടാണു ഈ അവഗണന. ഡയറി എക്സ്റ്റൻഷൻ ഓഫിസർ, ഡയറി ഇൻസ്ട്രക്ടർ, ക്ലാർക്ക് എന്നീ പ്രധാന തസ്തികകളിൽ ആളില്ല.

കണ്ണൂർ യൂണിറ്റിലെ ഓഫിസർക്ക് ഇരിട്ടി ഡയറി എക്‌സ്റ്റൻഷൻ ഓഫിസറുടെ അധിക ചുമതല നൽകിയുള്ള ഭരണവും ഫലപ്രദമാകുന്നില്ല. മറ്റെല്ലാ ബ്ലോക്കുകളിലും ക്ഷീര വികസന മേഖലയിൽ ഇത്തരം 2 ഓഫിസുകൾ ഉള്ളപ്പോൾ ഇരിട്ടിയിൽ ഒരു ഓഫിസ് മാത്രം ആണുള്ളത്.

28 ക്ഷീര സംഘങ്ങൾ, 3000 ലധികം കർഷകർ

സർക്കാർ പദ്ധതികൾക്ക് പുറമേ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ബജറ്റിൽ നിർണായക പ്രാധാന്യം ക്ഷീര വികസനത്തിന് നൽകുന്നുണ്ട്. ഇവയെല്ലാം സമയ ബന്ധിതമായി നടപ്പാക്കണമെങ്കിൽ ക്ഷീര വികസന ഓഫിസിൽ ജീവനക്കാർ ഉണ്ടാവണം.

ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ എന്നീ പഞ്ചായത്തുകളും ഇരിട്ടി, മട്ടന്നൂർ നഗരസഭകളുമാണു ബ്ലോക്ക് ക്ഷീര വികസന ഓഫിസിന്റെ പരിധിയിൽ വരുന്നത്.

ഉൽപാദക ബോണസ് വിതരണം പ്രതിസന്ധിയിൽ

ക്ഷീര കർഷകർക്ക് സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും പ്രഖ്യാപിക്കുന്ന ഉൽപാദക ബോണസ് ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെങ്കിൽ ബ്ലോക്ക് തല ക്ഷീര വികസന ഓഫിസറുടെ റിപ്പോർട്ട് വേണം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 40 ലക്ഷം രൂപയാണ് കർഷകർക്ക് ഉൽപാദന ബോണസ് അനുവദിക്കാൻ വകയിരുത്തിയിരിക്കുന്നത്. വിതരണത്തിനുള്ള നടപടികൾ ആരംഭിക്കാനായിട്ടില്ല. ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ വർഷത്തെ 6 ലക്ഷം രൂപ സ്പിൽ ഓവർ ആയി കിടക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!