സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നു; അഴിയൂരിലേക്ക് പൈപ്പിടൽ തുടങ്ങി

Share our post

കണ്ണൂർ : പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ്‌ ലൈൻ നീട്ടുന്നു. ചാലോട് മുതൽ മേലേചൊവ്വ വരെ 15 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ പണി പൂർത്തിയായി. മാർച്ച് മാസത്തോടെ കമ്മിഷൻ ചെയ്യുമെന്നു വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) അധികൃതർ പറഞ്ഞു.

മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലും മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പൈപ്പ് ലൈൻ പണി തുടങ്ങി. ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസിലൂടെയാണ് മുഴപ്പിലങ്ങാടിനും അഴിയൂരിനും ഇടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.

സർവീസ് റോഡിനോടു ചേർന്നുള്ള യൂട്ടിലിറ്റി കോറിഡോർ വഴിയാണു പൈപ്പിടുന്നത് എന്നതിനാൽ റോഡ് പൊളിക്കേണ്ട ആവശ്യമില്ല. അതേസമയം ചിലയിടങ്ങളിൽ യൂട്ടിലിറ്റി കോറിഡോറിനു വീതി കുറവുണ്ട്. ഈ സ്ഥലങ്ങളിൽ എങ്ങനെ പൈപ്പിടാമെന്ന കാര്യം ദേശീയപാത അതോറിറ്റി അധികൃതരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഐഒഎജിപിഎൽ പ്രതിനിധികൾ അറിയിച്ചു.

മേലേചൊവ്വ മുതൽ വളപട്ടണം വരെയുള്ള ഭാഗത്ത് 9.6 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി 30നു തുടങ്ങും. ഇതിനുള്ള പൈപ്പുകൾ ദേശീയപാതയുടെ വശങ്ങളിലായി ഇറക്കിവച്ചിട്ടുണ്ട്. കണ്ണൂർ കോർപറേഷന്റെ സഹകരണത്തോടെ 8 ഡിവിഷനിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ പണി തുടങ്ങാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കോർപറേഷന്റെ 14,15,16,17,18,20,22,25 ഡിവിഷനുകളിലെ വീടുകൾക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്നു കഴിഞ്ഞ നവംബർ ഒന്നിനാണു ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്‌ഷൻ നൽകിത്തുടങ്ങിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ ഇരുന്നൂറിലേറെ വീടുകളിലാണു നിലവിൽ കണക്‌ഷൻ എത്തിയത്. 400 വീടുകളിലേക്കുള്ള പൈപ്പിടൽ പുരോഗമിക്കുന്നു.

∙ കണക്‌ഷൻ നൽകിയത് – 200 വീടുകൾ
∙ പൈപ്പ് ലൈൻ സ്ഥാപിച്ചത് –– ചാലോട് മുതൽ മേലേചൊവ്വ വരെ – 15 കിലോമീറ്റർ
∙ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങിയത് –– മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെ – 12 കിലോമീറ്റർ– മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ – 18 കിലോമീറ്റർ– മേലേചൊവ്വ മുതൽ വളപട്ടണം വരെ – 9.6 കിലോമീറ്റർ 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!