ഓംകാരം കേട്ടുണരുന്ന കാമേത്ത് കഞ്ഞിപ്പുര ദേവീ ക്ഷേത്രം

ചക്കരക്കൽ : പുരാതന കാലം മുതൽക്കേ ഓംകാര മന്ത്രം കേട്ടുണരുന്ന പ്രദേശമാണ് കാമേത്ത് കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനകദുർഗ ദേവീ ക്ഷേത്രവും പരിസരവും. മന്ത്രധ്വനിയാൽ രൂപപ്പെട്ട ചൈതന്യം നിലനിൽക്കുന്ന സ്ഥലം എന്നതിനാൽ കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനക ദുർഗ ദേവീ ക്ഷേത്രത്തിന് പ്രാധാന്യം ഉണ്ട്. ഒരുകാലത്ത് ഇളനീർ കാവുകളുമായി കൊട്ടിയൂരിലേക്ക് പോകുന്ന ഭക്തരുടെ ഇടത്താവളമായിരുന്നു ക്ഷേത്രം.
നൂറ്റാണ്ടുകൾക്കു മുൻപ് മണ്ണ് കുഴച്ച് ചെളിയാക്കി അടിക്കൊട്ടകൊണ്ട് മറച്ചാണു ചുമർ നിർമിച്ചത്. ദൂരെനിന്ന് നടന്നു വരുന്നവർക്ക് ഒരു ഇടത്താവളവും അനുഗ്രഹവുമായിരുന്നു ഇവിടം. ഇവിടെ നിന്ന് കഞ്ഞി വച്ച് കുടിച്ച് ക്ഷീണം മാറ്റി നടത്തം തുടരുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ജീർണാവസ്ഥയിലായ കഞ്ഞിപ്പുര പുനരുദ്ധരിക്കാൻ പ്രദേശത്തെ ഭക്തർ 1991ൽ ശ്രമം തുടങ്ങി. 1992ൽ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയുടെ പ്രവർത്തന ഫലമായി ഇവിടെ മുത്തപ്പൻ ക്ഷേത്രവും അയ്യപ്പ ക്ഷേത്രവും ദേവീക്ഷേത്രവും യാഥാർഥ്യമായി. മുത്തപ്പൻ ക്ഷേത്രത്തിന്റെ ഇരുവശവുമായി അയ്യപ്പ ക്ഷേത്രവും ദേവീക്ഷേത്രവും ഉള്ളതിനാൽ സാത്വികമായ വിധി അനുസരിച്ചാണ് മുത്തപ്പനു പൂജ, പൈങ്കുറ്റി എന്നിവ നടക്കുന്നത്.
പരേതരായ പട്ടത്താരി രമേശൻ, പാറമ്മൽ കുഞ്ഞിക്കണ്ണൻ, പള്ളിപ്രത്ത് കണ്ണൻ, കോടഞ്ചേരി ശ്രീധരൻ, കെ.കെ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് 3 ക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത്. തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും പ്രത്യേക പൈങ്കുറ്റി, മൂന്ന് ക്ഷേത്രത്തിലും രാവിലെയും വൈകുന്നേരവും നിത്യപൂജ എന്നിവയും നടക്കുന്നു.
കെ.കെ.സജീവൻ മടയനും ശങ്കരൻ നമ്പൂതിരി മേൽശാന്തിയുമാണ്. ഒരു കാലത്ത് മുരിക്യാൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇവിടം ദുർഗാദേവിക്ക് കൂടി പ്രാധാന്യമുണ്ട്. ദേവീപൂജ, പുഷ്പാഞ്ജലി, നെയ് വിളക്ക്, അയ്യപ്പപൂജ, നീരാഞ്ജനം എന്നിവയാണ് പ്രധാന വഴിപാടുകൾ.
2007 ലെ സ്വർണപ്രശ്‌ന ചിന്ത പ്രകാരം 2012 മുതൽ വൈശാഖ ഉത്സവത്തിൽ ഇളനീർ ഭക്തർ ഇവിടെ നിന്ന് ഇളനീർ കാവുമായി കൊട്ടിയൂരിലേക്ക് പോകാറുണ്ട്. പിലാമൂട്ടിൽ ചന്ദ്രനാണ് ഇളനീർ സംഘത്തിന്റെ കാരണവർ. എം.സി.ജിതേഷ് (പ്രസിഡന്റ്) പി.ശശി (സെക്രട്ടറി) എം.സി.ബിനേഷ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.