കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം: ഭക്ഷണ പന്തൽ ഉയർന്നു; 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം

Share our post

പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 6 നേരങ്ങളിലായി 4 ലക്ഷം പേർക്കാണ് അന്നദാനം നൽകുന്നത്. ഇതിന് വിശാലമായ പന്തലുകൾ ഒരുക്കിയത് ക്ഷേത്രത്തോട് ചേർന്നുള്ള വയലിലാണ്.

ചെളി നിറഞ്ഞു കിടക്കുന്ന വയലിൽ പരമ്പരാഗത രീതിയിൽ പന്തലൊരുക്കിയാൽ ജനങ്ങൾക്ക് പ്രയാസമാകുമെന്ന തിരിച്ചറിവിൽ റെഡിമെയ്ഡ് പ്ലാറ്റ് ഫോം ഒരുക്കി ആധുനിക രീതിയിലുള്ള ഭക്ഷണ പന്തലുകളാണ് ഉയർന്നത്. 1500 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 3 പന്തലുകളാണ് ഒരുങ്ങുന്നത്.

സാധാരണ ഭക്ഷണ പന്തൽ ഒരുക്കാൻ ആയിരത്തിലധികം കമുകുകൾ മുറിച്ചെടുക്കേണ്ടി വരാറുണ്ട്. ഒപ്പം പതിനായിരത്തിലധികം മടൽ ഓലയും വേണ്ടി വരാറുണ്ട്. ഇതൊക്കെ ഒഴിവാക്കിയാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.

കന്നിക്കലവറയും കലവറകളും നാലില പന്തലുമൊക്കെ പരമ്പരാഗത രീതിയിൽ ഓല കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. നാലില പന്തലിൽ ആചാര സ്ഥാനികർക്ക് ഭക്ഷണം കഴിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കുന്നുണ്ട്.

പെരുങ്കളിയാട്ടം ഇവിടെ പുകയില വിമുക്തമാക്കും. ദേവിയുടെ പന്തൽ മംഗലത്തിന് എത്തുന്ന ആചാര സ്ഥാനികരെയും വിവിധ ക്ഷേത്രേശ്വരന്മാരെയും വെറ്റിലയും അടയ്ക്കയും പുകയിലയും നൽകി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതിൽ പുകയില നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കലവറയിൽ നിന്നുള്ള മറുക്കാൻ വിതരണത്തിലും പുകയില ഉണ്ടാകില്ല.

ഇന്ന് വരച്ചു വയ്ക്കൽ

പെരുങ്കളിയാട്ടത്തിന് വിവിധ നേരങ്ങളായി പള്ളിയറകളിൽ ത്രാവാനുള്ള (നിവേദിക്കാൻ) മുപ്പത്തിരണ്ടര ഇടങ്ങഴി ഉണക്കലരി അളന്നെടുത്ത് അന്തിത്തിരിയൻ ഭണ്ഡാരപ്പുരയിൽ കയറ്റി. ഇന്ന് പെരുങ്കളിയാട്ടം വരച്ചു വയ്ക്കും. തുടർന്ന് ദേവി ഹിതത്തിലൂടെ കണ്ടെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി അണിയറയിൽ വരഞ്ഞിരിക്കും. 13 വർഷത്തിന് ശേഷമാണ് കോറോം മുച്ചിലോട്ട് കാവിൽ 4 മുതൽ 7 വരെ പെരുങ്കളിയാട്ടം നടക്കുന്നത്.

നിലംപണി ദിവസമാണ് ക്ഷേത്രത്തിൽ കൂടേണ്ട സ്ത്രീകൾക്ക് കൂവം അളന്ന് നെല്ല് നൽകിയത്. വ്രതശുദ്ധിയോടെ സ്ത്രീകൾ പരമ്പരാഗത രീതിയിൽ തരക്കിയെടുത്ത ഉണക്കലരിയാണ് കാവിൽ എത്തിച്ചത്. 21 ഇടങ്ങഴി അരി മഞ്ഞൾ കുറിയിൽ പൊടിച്ച് ചേർക്കാനും അളന്നെടുത്തു. ബാക്കിയുള്ള ഉണക്കലരി കായക്കഞ്ഞിക്കായി അളന്നു മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!