കോഴിക്കോട് കെ. എസ് .ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിലും അധികം

കോഴിക്കോട്: കെ. എസ് .ആർ .ടി .സി ടെർമിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോർട്ട്. കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനം തൂണുകളും എൺപത് ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഇതിന് ഏകദേശം മുപ്പത് കോടി രൂപയോളം ചെലവ് വരും. ഐ.ഐ.ടി സ്ട്രക്ചറൽ വിഭാഗം മേധാവി പ്രൊഫ അളകു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഐ.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട് പതിനഞ്ച് മാസം മുമ്പ് പുറത്തുവന്നിരുന്നു.
തൂണുകളുടെ കോൺക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ഓരോ തൂണിലെയും വിള്ളലുകൾ അടയ്ക്കണം. ഇതിനായി സിമന്റും നിശ്ചിത മിശ്രിതങ്ങളും യോജിപ്പിച്ച് തൂണിനുള്ളിലേക്ക് നിറയ്‌ക്കേണ്ടിവരും.