‍‍‍മാലിന്യസംസ്കരണ മേഖലയിൽ 100 ശതമാനം ലക്ഷ്യമിട്ട് ഹരിത കർമ സേനയോടൊപ്പം ജനപ്രതിനിധികളും

Share our post

കണ്ണൂർ : മാലിന്യസംസ്കരണ മേഖലയിൽ 100 ശതമാനം ലക്ഷ്യം നേടാൻ ഹരിത കർമ സേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും രംഗത്തിറങ്ങാൻ ജില്ലാതല യോഗം തീരുമാനിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്‌വസ്തുക്കൾ പൂർണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസേഴ്സ് ഫീ ശേഖരിക്കുന്നതിനുമായുള്ള ക്യാംപെയ്ൻ ജില്ലയിൽ ഉടൻ ആരംഭിക്കാനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും പഞ്ചായത്ത് ഹരിത കർമ സേനാ കൺസോർഷ്യം ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ യോഗം ഉദ്ഘാടനം ചെയ്തു. അഡീഷനൽ ഡവലപ്മെന്റ് കമ്മിഷണർ അബ്ദുൽ ജലീൽ അധ്യക്ഷനായി. യൂസേഴ്സ് ഫീ സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ വ്യാപാരി വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യൂസേഴ്സ് ഫീ നൽകാത്തവരുടെ പട്ടിക ഗ്രാമസഭയിൽ വായിക്കാൻ സംവിധാനമുണ്ടാക്കും. യൂസേഴ്സ് ഫീ നൽകാത്തവരിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തും. ഫീസ് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികൾ ഹരിത കർമ സേനയോടൊപ്പം വീടുകൾ സന്ദർശിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇതിനു പുറമേ യൂസേഴ്സ് ഫീ സംബന്ധിച്ച് റെസിഡൻഷ്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.കക്കൂസ് മാലിന്യം അലക്ഷ്യമായി തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് അഭ്യർഥിക്കും.

ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ യോഗം കർമപദ്ധതി തയാറാക്കി. ഹരിത കേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ കെ.എം.സുനിൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.കെ.ബിന്ദു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ ആര്യ, ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ആർ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.

2022 ഡിസംബർ മാസത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ യൂസർഫീ ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ

∙ പയ്യന്നൂർ നഗരസഭ, 89ശതമാനം.
∙ ചപ്പാരപ്പടവ് പഞ്ചായത്ത്-88 ശതമാനം ,
∙ ആന്തൂർ നഗരസഭ –86 ശതമാനം
∙ കതിരൂർ പഞ്ചായത്ത് –87 ശതമാനം,
∙ ചെമ്പിലോട് പഞ്ചായത്ത്–83 ശതമാനം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!