റെയിൽവേ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറക്കുന്നു: പി.സന്തോഷ് കുമാർ എം.പി

കണ്ണൂർ : റെയിൽവേ അതിന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറന്ന് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നത് അനുവദിക്കാനാവില്ലെന്ന് പി.സന്തോഷ് കുമാർ എം.പി. റെയിൽ വികസനവും നഗരവികസനവും തടസ്സപ്പെടും വിധം റെയിൽവേ ഭൂമി പാട്ടത്തിനു നൽകുന്നതിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കാതെയും ടിക്കറ്റ് റദ്ദാക്കുന്നതിനു പോലും കനത്ത നിരക്കും നികുതിയും ഏർപ്പെടുത്തിയുമെല്ലാം റെയിൽവേ ജനങ്ങളെ പിഴിയുകയാണ്. സ്വകാര്യ ഗ്രൂപ്പുകൾക്ക് ലാഭമുണ്ടാക്കാൻ മാത്രമായി റെയിൽവേയെ ഉപയോഗിക്കുന്ന ശൈലി കേന്ദ്ര സർക്കാർ തിരുത്തണമെന്നും പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ.ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രജീഷ്, േനതാക്കളായ പി.അജയകുമാർ, കെ.വി.ബാബു, പി.എ.ഇസ്മായിൽ, എം.സി.സജീഷ്, ടി.വി.രജിത, പി.നാരായണൻ, കെ.എം.സപ്ന എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു.
റെയിൽവേ ഭൂമി സംരക്ഷിക്കാൻരാഷ്ട്രീയ ഭേദമന്യെ പ്രതിഷേധം
റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനപ്രതിനിധികൾ അണിനിരക്കുന്നു. കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന പ്രതിഷേധ മാർച്ചിൽ ജില്ലയിലെ എംപിമാരും എം.എൽ.എമാരും പങ്കെടുക്കും. രാവിലെ 10നു കോർപറേഷൻ ഓഫിസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ യോഗം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിക്കും. എംപിമാരായ ഡോ.വി.ശിവദാസൻ, പി.സന്തോഷ് കുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, സജീവ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.