അപകടം തുടർക്കഥയായി കുളം ബസാർ

മുഴപ്പിലങ്ങാട്: കണ്ണൂർ – തലശ്ശേരി ദേശീയപാതയിലെ കുളം ബസാറിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വൃന്ദാവൻ ബസ് അതേദിശയിൽ നിന്നും വന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിന് മുകളിൽ കയറി. ഈ സമയം തലശ്ശേരി ഭാഗത്തേക്ക് പോകാൻ വേണ്ടി ഡിവൈഡറിൽ ബസ് കാത്ത് നിൽക്കുന്ന നിരവധി പേരുണ്ടായിരുന്നു.
ബസ് കാത്ത് നിന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവർ ചിതറിയോടിയത് കാരണം വലിയൊരു ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോഴിക്കോട്ടേക്ക് പോവുന്ന ദീർഘദൂര ബസ് അമിത വേഗത്തിൽ വന്ന് കാറിനെ മറികടക്കുന്നതിനിടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പൊലീസ് ഇടപെട്ട് ഒഴിവാക്കി.
ദിനം പ്രതിയുള്ള അപകടങ്ങൾ കുളം ബസാറിൽ പതിവാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ നടന്ന അപകടത്തിൽ പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. ദേശീയപാത ആറുവരിയുടെ നിർമാണ പ്രവർത്തനത്തിന് വേണ്ടി നിലവിലെ ഒരു പാത അടച്ചത് കാരണം വൺവേ റോഡിൽ കൂടിത്തന്നെ ഇരുഭാഗത്തേ വാഹനങ്ങളും പോയിത്തുടങ്ങിയതോടെയാണ് അപകടം പതിവായത്.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരും വ്യാപാരി വ്യവസായി സമിതിയും അധികൃതരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഗതാഗതക്കുരുക്കഴിക്കാനും പൊതുജനങ്ങളെ സഹായിക്കാനും വേണ്ടി ബസാറിൽ പൊലീസിന്റെ സാന്നിധ്യമുണ്ട്. ദേശീയപാതക്ക് ചേർന്ന് പോകുന്ന ഓവുചാൽ നിർമാണം ദ്രുഗതിയിൽ നടക്കുകയാണ്. ഇതിന് വേണ്ടി തിരക്കേറിയ ബീച്ചു റോഡ് അടച്ചതാണ് ബസാറിലെ യാത്ര കുരുക്ക് മുറുകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.