അർബൻ നിധി: ചക്കരക്കല്ലിൽ 13 പേർക്ക് നഷ്ടമായത് 2 കോടിയോളം രൂപ

കണ്ണൂർ : അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 പേർക്കായി നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ. നിലവിൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് ഇത്രയും തുക നഷ്ടപ്പെട്ടിരിക്കുന്നത്.
അർബൻ നിധി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലോട് ഷൗക്കത്തലി, തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ, അസി. ജനറൽ മാനേജർ സി.വി.ജീന എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തട്ടിപ്പ് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തിവരുന്നതായി ഇൻസ്പെക്ടർ ശ്രീജിത് കൊടേരി അറിയിച്ചു.
മാമ്പയിലെ നവിത (14 ലക്ഷം), വത്സൻ മക്രേരി (15 ലക്ഷം), രമ ചെമ്പിലോട് (9 ലക്ഷം), പ്രശാന്തൻ ഇരിവേരി (26.5 ലക്ഷം), മോഹനൻ വെള്ളച്ചാൽ (12 ലക്ഷം), ഗിരിജ ചെമ്പിലോട് (11 ലക്ഷം), ഷമിത ചാല (8 ലക്ഷം), രാജീവൻ മാച്ചേരി (25.50 ലക്ഷം), ബിനു മിടാവിലോട് (18 ലക്ഷം), പുരുഷോത്തമൻ മുഴപ്പാല (27 ലക്ഷം), ജയജീവൻ വലിയന്നൂർ (20 ലക്ഷം) തുടങ്ങി 13 പേരാണ് ഇതിനകം പരാതി നൽകിയത്.