പിരിവിനെന്ന വ്യാജേന വാതിലില്‍മുട്ടി; പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമം

Share our post

തിരുവനന്തപുരം: വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിനു സമീപമുള്ള വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. പളനിയില്‍ പോകാന്‍ നേര്‍ച്ചക്കാശ് പിരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കു നേരേ ആക്രമണശ്രമം.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മോഡല്‍ പരീക്ഷയായതിനാല്‍ പെണ്‍കുട്ടിക്ക്് ക്ലാസുണ്ടായിരുന്നില്ല. കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടായിരുന്നു അക്രമിയുടെ വരവ്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി നിലവിളിച്ചു.

പെട്ടെന്ന് രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് വഞ്ചിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പേടിച്ചരണ്ടെങ്കിലും പെട്ടെന്നുള്ള ധൈര്യത്തില്‍ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു.

വീടിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. നഗരഹൃദയത്തില്‍ അടുത്തടുത്ത് വീടുകളുള്ള വഞ്ചിയൂര്‍പോലൊരു സ്ഥലത്ത് പകല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായത് ഈ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. പ്രതിയെകുറച്ച് അറിയുന്നവര്‍ 9497980031 എന്ന നമ്പറില്‍ അറിയിക്കണമെന്ന് വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!