ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുന്നു: മന്ത്രി കെ ./രാധാകൃഷ്‌ണൻ

ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ വരുന്ന വരുമാനം കൈയ്യിട്ടുവാരിയിട്ട് വിശ്വാസികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.
ഒരു തരത്തിലുമുള്ള സങ്കുചിതത്വം കടന്നുവരാതിരിക്കാൻ ജാഗ്രത വേണം. എല്ലാ മനുഷ്യർക്കും നന്മയുണ്ടാവുന്ന പ്രവർത്തനങ്ങളാണ് നമ്മൾ നടത്തേണ്ടത്. അതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാർ ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ദേവസ്വം ബോർഡുകൾക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടത്തിൽ ക്ഷേത്രങ്ങൾക്ക് പങ്കുണ്ട്. നമൂഹത്തിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ക്ഷേത്രാങ്കണങ്ങളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളുടെ ചരിത്രം വിശദീകരിച്ച് മന്ത്രി പറഞ്ഞു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ മുരളി അധ്യക്ഷനായി.
ദേവസ്വം ബോർഡ് കമീഷണർ പി. നന്ദകുമാർ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ രവി, കെ .ശശിധരൻ, സജീവ് മാറോളി, എം .സജീവൻ, അഡ്വ. വി. രത്നാകരൻ, കല്ല്യാട്ട് പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി .സീമ, പി .രമ്യ, സുധീർ ബാബു, അജിത്ത് പറമ്പത്ത്, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പുനരുദ്ധാരണ പ്രവൃത്തിയിൽ പങ്കാളികളായ കലാകാരന്മാരെ ആദരിച്ചു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘വേട്ട’ അരങ്ങേറി. പുനപ്രതിഷ്ഠാ കർമവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് പകൽ 10.50 ന് നടക്കും.