പ്രജനനം തടയാന്‍ തിരുവനന്തപുരം മൃഗശാലയിലെ ആണ്‍,പെണ്‍ ഹിപ്പോകളെ രണ്ടുകൂടുകളിലാക്കി

തിരുവനന്തപുരം: മൃഗശാലയില്‍ ആണ്‍, പെണ്‍ ഹിപ്പോകള്‍ രണ്ടു കൂടുകളില്‍. ഇവിടെ ആറ് പെണ്‍ഹിപ്പോകളും രണ്ട് ആണ്‍ഹിപ്പോകളുമാണുള്ളത്.
നേരത്തെ ഇവയെ ഒന്നിച്ച് ഒറ്റ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, പ്രജനനം തടയാന്‍ ഇവയെ രണ്ട് വ്യത്യസ്ത കൂടുകളിലാക്കുകയായിരുന്നു. കാരണം ഇവ പെറ്റുപെരുകുമെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു.
കൂടുതല്‍ ഹിപ്പോകളെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യവുമില്ല. രണ്ട് കൂടുകളിലാക്കിയതോടെ ആണ്‍ഹിപ്പോയില്‍ ഒരെണ്ണം അക്രമകാരിയായി മുന്‍വശത്തെ പല്ല് അടിച്ചുപൊട്ടിച്ച സംഭവമുണ്ടായി.
ഇവയെ മറ്റു മൃഗശാലകള്‍ക്ക് കൈമാറ്റം ചെയ്ത് ഇവിടെയില്ലാത്തത് വാങ്ങിക്കാന്‍ സൗകര്യമുള്ളപ്പോഴാണ് വെവ്വേറെ താമസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഹിപ്പോകളുടെ കൈമാറ്റത്തിനു നടപടിയില്ലെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
ഹിപ്പോയെ തരൂ, സീബ്രയെ തരാം
തിരുവനന്തപുരം മൃഗശാലയിലെ രണ്ട് ഹിപ്പോകളുടെ കൈമാറ്റം കേന്ദ്ര മൃഗശാലാ അതോറിറ്റി അംഗീകരിച്ചതാണ്. 2021 ജൂണ്‍ 12നായിരുന്നു അനുമതി നല്‍കിയത്.
ഗുജറാത്ത് ജാംനഗറിലെ ഗ്രീന്‍സ് സുവോളജിക്കല്‍ പാര്‍ക്കിലേക്കു കൈമാറ്റം ചെയ്യാനായിരുന്നു നിര്‍ദേശം.
സീബ്രകളെ എത്തിക്കാനായിരുന്നു ലക്ഷ്യം. കൈമാറ്റത്തിന് രണ്ടുവര്‍ഷം താമസമുള്ളതിനാല്‍ 35 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്‍കാമെന്നാണ് ഗ്രീന്‍സ് സുവോളജിക്കല്‍ പാര്‍ക്ക്, തിരുവനന്തപുരം മൃഗശാലാ അധികൃതരെ അറിയിച്ചത്.
എന്നാല്‍, പിന്നീട് നീക്കമൊന്നും ഇവിടെനിന്നു നടത്താത്തതിനാല്‍ കരാര്‍ റദ്ദായി. നിലവില്‍ തിരുവനന്തപുരം മൃഗശാലയില്‍ സീബ്രയില്ല.